റോഡിലെ പാര്‍ക്കിങ്ങിനെതിരേ നടപടി തുടങ്ങി; ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും
തിരൂരങ്ങാടി: ഗതാഗാതകുരുക്ക് രൂക്ഷമായ ചെമ്മാട് ടൗണില്‍ റോഡരികില്‍ പാര്‍ക്ക്‌ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഇന്നുമുതല്‍ ടൗണില്‍ മുഴുവന്‍ സമയവും നിരീക്ഷിക്കാനാണ് പൊലിസ് തീരുമാനം. റോഡരികില്‍ പാര്‍ക്ക് ചെയ്തുപോകുന്ന ഇരുചക്ര വാഹനങ്ങള്‍ ചങ്ങലയില്‍ ബന്ധിക്കുകയും പൊലിസ് സ്റ്റേഷനില്‍ പിഴയടച്ചശേഷം വിട്ടുനല്‍കുകയും ചെയ്യും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അതാത് സമയം വീഡിയോയില്‍ പകര്‍ത്തുമെന്നും പൊലിസ് പറഞ്ഞു. ഇന്നലെ ഏതാനും വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു.
ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെതുടര്‍ന്ന് ഏതാനും മാസം മുന്‍പ് തിരൂരങ്ങാടി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ ബ്ലോക്ക് റോഡ് മുതല്‍ കോഴിക്കോട് റോഡ് വരെയുള്ള വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കാനും കെട്ടിടങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും നടപ്പാതയിലേക്കും റോഡിലേക്കും സാധനങ്ങള്‍ ഇറക്കിവെച്ചുള്ള കച്ചവടം നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. ടൗണിലെ പാര്‍ക്കിങ് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു എന്നല്ലാതെ നഗരസഭയുടെയോ പൊലിസിന്റെയോ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് നഗരസഭയെ കാത്തുനില്‍ക്കാതെ പൊലിസ് നടപടിക്കൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."