ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിന് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി: 2017ലെ ഉന്നാവോ ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിന് ജീവപര്യന്തം തടവ്.ജീവിതകാലം മുഴുവന്‍ സെന്‍ഗാര്‍ ജയിലില്‍ക്കഴിയണമെന്ന തീസ് ഹസാരി കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേഷ് ശര്‍മ്മ വ്യക്തമാക്കി.
സെന്‍ഗറില്‍ നിന്ന് 25 ലക്ഷം രൂപ പിഴയീടാക്കാനും അതില്‍ 10 ലക്ഷം ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും ഡല്‍ഹിയിലെ സി.ബി.ഐ കോടതി വിധിച്ചു. ബാക്കി 15 ലക്ഷം കേസില്‍ പ്രോസിക്യൂഷന് വന്ന ചെലവിലേക്കെടുക്കാം. ഒരു മാസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വത്ത് പിടിച്ചെടുത്ത് ഈ തുക ഇയാളില്‍ നിന്ന് ഈടാക്കി നല്‍കണം. ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷിതമായ വീട് കണ്ടെത്തി നല്‍കണമെന്നും സി.ബി.ഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ അവരെ ഭാവിയില്‍ അരും തിരിച്ചറിയാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം.
ഓരോ മൂന്നു മാസത്തിലൊരിക്കലും കുടുംബത്തിന് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് പരിശോധിക്കണം. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാടകക്കരാര്‍ അവസാനിച്ചാല്‍ അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ വാടകക്കരാര്‍ പുതുക്കി നല്‍കാനുള്ള നടപടി സ്വീകരിക്കണം. പ്രതിയ്ക്ക് ഇതിലും കുറഞ്ഞ ശിക്ഷ നല്‍കാവുന്ന ഒരു കാരണവും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിലെ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ സെംഗാറില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. കുറ്റം ചെയ്ത ശേഷം ഇരയെയും കുടുംബത്തെയും നിശ്ശബ്ദരാക്കാനും ശ്രമവും സെന്‍ഗാറില്‍ നിന്നുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.
2017 ജൂണ്‍ നാലിനാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോ മക്കി ഗ്രാമത്തിലുള്ള യുവതിയെ എം.എല്‍.എ ബലാത്സംഗം ചെയ്യുന്നത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."