പൂഞ്ചോല വനഭൂമി കൈയേറ്റം: വകുപ്പ് നടപടികള്‍ നിര്‍ത്തിവക്കാന്‍ നിര്‍ദേശം
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല മേഖലയിലുള്ള വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വകുപ്പുതല നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശം. കയ്യേറ്റ വിഷയത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ പാമ്പന്‍തോട്, ഓടക്കുന്ന് ആദിവാസി മേഖലയില്‍ വനം വകുപ്പിനെതിരെയുള്ള പ്രദേശവാസികളുടെ ജനരോഷം കണക്കിലെടുത്താണ് നടപടികള്‍ നിര്‍ത്തിവക്കാന്‍ വനം വകുപ്പ് മന്ത്രി കെ. രാജു നിര്‍ദേശിച്ചതു. ഇന്നലെ കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന്റെ നേതൃത്വത്തില്‍ സി.പി.എം കാഞ്ഞിരപ്പുഴ എല്‍.സി സെക്രട്ടറി ലിലീപ് കുമാര്‍, പഞ്ചായത്തംഗങ്ങളായ പി. മണികണ്ഠന്‍, സാബു എന്നിവരാണ് ഇത് സംബന്ധിച്ച് വനം വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തിയത്. തുടര്‍ന്നാണ് വനാതിര്‍ത്തി നിശ്ചയിക്കുന്നതിനുള്ള ജണ്ട നിര്‍മ്മാണം ആറ് മാസത്തേക്ക് നിര്‍ത്തിവക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ഇതിനുള്ള സംയുക്തമായ അതിര്‍ത്തി നിര്‍ണ്ണയത്തിന് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ കെ.വി വിജയദാസ് അറിയിച്ചു.
ജോയിന്റ് വെരിഫിക്കേഷന് നടത്തണമെന്നാണ് വനം വകുപ്പിന്റെയും ആവശ്യമെന്നു ഡി.എഫ്.ഒ പറഞ്ഞു. കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനും വകുപ്പിനും താല്പര്യമില്ലാത്തത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതേ സമയം പൂഞ്ചോല ആദിവാസി മേഖലയിലെ വനാതിര്‍ത്തിയില്‍ ജണ്ട ഇടാന്‍ പോയ സര്‍വേ സംഘത്തെ തടഞ്ഞവര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണം ചെയ്യുന്നതില്‍ തടഞ്ഞതിന് ഉദയകുമാര്‍, തോമസ്, ജോഷി എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഒന്‍പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ഒരാഴ്ചയായിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
വനത്തിനുള്ളില്‍ അതിക്രമിച്ച് കടന്നതിന് ട്രെസ്സ് പാസ്സ് പ്രകാരം വനം വകുപ്പും ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ഈ മേഖലയില്‍ വനം കയ്യേറ്റക്കാര്‍ക്കെതിരെ ഒന്‍പതു കേസുകളിലായി 12 പേര്‍ക്കെതിരെ വനം വകുപ്പ് കേസ്സെടുത്തതിനെ തുടര്‍ന്നാണ് വനാതിര്‍ത്തി സര്‍വേ ജോലികള്‍ക്ക് വനം വകുപ്പ് മുന്‍കൈ എടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."