ശുചീകരണ തൊഴിലാളികളെ നിയമിച്ച മിനുട്‌സ് തിരുത്തല്‍; നഗരസഭയിലെ പൊറാട്ടുനാടകത്തിന് അറുതിയായില്ല
പാലക്കാട്: മൂന്ന് ശുചീകരണ തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട മിനുറ്റ്‌സ് തിരുത്തല്‍ വിവാദത്തെ ചൊല്ലി മൂന്നുമാസമായി തടസപ്പെടുന്ന കൗണ്‍സില്‍ യോഗം കൈയ്യാങ്കളിക്കും സാക്ഷിയായി. തീരുമാനം റദ്ദാക്കാതെ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാട് തുടരുന്നതിനിടെ അജണ്ട വായിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പിടിച്ചെടുത്ത അജണ്ട പ്രതിപക്ഷാംഗങ്ങള്‍ കീറിയെറിഞ്ഞു. ഇതു പ്രതിരോധിക്കാനുള്ള ഭരണപക്ഷ അംഗങ്ങളുടെ ശ്രമം ഉന്തും തള്ളുമായി.
എല്‍.ഡി.എഫ് അംഗങ്ങളാണ് ആദ്യം നടുത്തളത്തിലിറങ്ങിയത്. പിന്നാലെ യു.ഡി.എഫും എത്തി.സെക്രട്ടറി ഒപ്പിട്ട ഉത്തരവ് റദ്ദാക്കാന്‍ നിയമപരമായും സാങ്കേതികമായും തടസമുണ്ടെന്നും എഴുതി നല്‍കിയാല്‍ പുന:പരിശോധനയ്ക്ക് തുടക്കമിടാമെന്നും ബി.ജെ.പി കക്ഷി നേതാവ് എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. സമ്മര്‍ദ്ദം കൊണ്ട് നേടാനാവില്ലെന്നും ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും പറഞ്ഞ അദ്ദേഹം വികസനം മുടക്കുന്ന സമീപനം മാറ്റണമെന്നും ആവശ്യപ്പെട്ടു.
പുനപരിശോധിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നും പ്രത്യേക കൗണ്‍സില്‍ വിളിച്ച് തീരുമാനം മാറ്റാമെന്നും കോണ്‍ഗ്രസ് കക്ഷി നേതാവ് കെ. ഭവദാസ് പറഞ്ഞു. ഹൈകോടതി, സര്‍ക്കാര്‍ ഉത്തരവുകളെ ചോദ്യംചെയ്യുകയല്ലെന്നും മിനുറ്റ്‌സിലെ തിരുത്തലാണ് ചോദ്യംചെയ്യുന്നതെന്നും സി.പി.എം കക്ഷിനേതാവ് എ. കുമാരി പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിനിടെയാണ് അജണ്ട വായിക്കാന്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ നിര്‍ദേശിച്ചത്.
നടുത്തളത്തില്‍ നിലയുറപ്പിച്ചിരുന്ന ഭവദാസ് അജണ്ട പിടിച്ചുവാങ്ങി.
ഇതോടെ അജണ്ട വായിക്കാന്‍ സംരക്ഷണ വലയം തീര്‍ക്കാന്‍ നടത്തളത്തിലിറങ്ങിയ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ഉന്തുംതള്ളുമായി. യു.ഡി.എഫ്. കൗണ്‍സിലറായ എം. മോഹന്‍ബാബുവും ബി.ജെ.പി. കൗണ്‍സിലര്‍ പി. സാബുവും തമ്മില്‍ പിടിവലിയായി. ഇരുപക്ഷത്തെയും കൗണ്‍സിലര്‍മാര്‍ ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. വീണ്ടും യോഗം ചേര്‍ന്ന് അജണ്ട വായിക്കാന്‍ നടത്തിയ ശ്രമവും ഉന്തിലും തള്ളിലും കലാശിച്ചു. എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരായ അബ്ദുള്‍ഷുക്കൂറും ആര്‍. ഉദയകുമാറും അജണ്ട പിടിച്ചുവാങ്ങി കീറിയെറിഞ്ഞു.
വാര്‍ഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട മൂന്ന് അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ചാണ് ചെയര്‍പേഴ്‌സണ്‍ യോഗം അവസാനിപ്പിച്ചത്. എന്നാല്‍ അജണ്ട വായിച്ചില്ലെന്നും പാസായില്ലെന്നും വിയോജിപ്പ്് നല്‍കുമെന്നും പ്രതിപക്ഷം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."