പാകിസ്താനില്‍ അബ്ബാസി സര്‍ക്കാര്‍ അധികാരമേറ്റു
ഇസ്ലാമാബാദ്: ശാഹിദ് കാഖന്‍ അബ്ബാസിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാകിസ്താനില്‍ നിലവില്‍വന്നു. ഇന്നലെയാണ് പ്രധാനമന്ത്രി അബ്ബാസിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രസിഡന്റ് മംനൂന്‍ ഹുസൈനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തത്. 46 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. എന്നാല്‍, 44 പേര് മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
28 ഫെഡറല്‍ മന്ത്രിമാരും 18 സ്റ്റേറ്റ് മന്ത്രിമാരും മന്ത്രിസഭയില്‍ ഉള്‍പ്പെടും. നവാസ് ശരീഫ് മന്ത്രിസഭയില്‍ ചില മാറ്റങ്ങളും അബ്ബാസി വരുത്തിയിട്ടുണ്ട്.പ്രതിരോധ മന്ത്രിയായിരുന്ന ഖാജ മുഹമ്മദ് ആസിഫിനെ വിദേശകാര്യ മന്ത്രിയാക്കി. മുന്‍ ആസൂത്രണ മന്ത്രി അഹ്്സാന്‍ ഇഖ്ബാലിനെ ആഭ്യന്തര മന്ത്രിയാക്കി.
2013ല്‍ നവാസ് ശരീഫ് അധികാരത്തിലെത്തിയതു മുതല്‍ അധികാര കാലയളവ് പൂര്‍ത്തീകരിക്കുന്ന വിദേശകാര്യ മന്ത്രിയുടെ അഭാവം പാകിസ്താനിലുണ്ടായിരുന്നു. പാക് പീപ്പിള്‍സ് പാര്‍ട്ടിയിലെ ഹിനാ റബ്ബാനി ഖര് ആയിരുന്നു അധികാരകാലയവളവ് പൂര്‍ത്തിയാക്കിയ അവസാന വിദേശകാര്യ മന്ത്രി.
മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചൗധരി നിസാര്‍ അലി ഖാനായിരുന്നു നവാസ് ശരീഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രി. എന്നാല്‍, പുതിയ സര്‍ക്കാരില്‍ അംഗമാകാന്‍ അദ്ദേഹം വിസമ്മതിച്ചു. ഇഷാഖ് ദാര്‍ ധനമന്ത്രിയായി തുടരും. പര്‍വേസ് മാലിക് വാണിജ്യ മന്ത്രിയാകും. നേരത്തെ ഈ വകുപ്പ് ഭരിച്ച ഖുറാം ദസ്തഗീര്‍ ഖാന് ആണ് പുതിയ പ്രതിരോധ മന്ത്രി.
ദന്യാല് അസീസ്, തലാല്‍ ചൗധരി, അര്‍ശാദ് ലഗ്ഹരി, യാര്‍ഖാന്‍, ജുനൈദ് അന്‍വര്‍ ചൗധരി, തോബ തേക് സിങ് എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. നവാസ് ശരീഫിന്റെ പാര്‍ട്ടിയിലെ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി മുഷാഹിദുല്ല ഖാന് പരിസ്ഥിതി മന്ത്രിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."