സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തില്‍ ജലസാന്നിധ്യം
വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഇതാദ്യമായി ജലസാന്നിധ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് 900 പ്രകാശവര്‍ഷം അകലെയുള്ള ഭീമന്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ജലകണികകളുടെ സാന്നിധ്യം ബഹിരാകാശ ടെലസ്‌കോപ് വഴി കണ്ടെത്തിയത്.
അന്തരീക്ഷത്തിന്റെ മേല്‍പാളിയായ സ്ട്രാറ്റോസ്ഫിയറുള്ള ഗ്രഹത്തിലാണ് ജലബാഷ്പം ഉള്ളതായി കണ്ടെത്തിയത്.
സൗരയൂഥത്തിന് പുറത്ത് സ്ട്രാറ്റോസ്ഫിയര്‍ ഉള്ള ഗ്രഹം കണ്ടെത്തുന്നത് ആദ്യമായാണ്. സ്ട്രാറ്റോസ്ഫിയര്‍ ഉണ്ടെന്ന സൂചനകള്‍ നേരത്തെ ശാസ്ത്രലോകത്തിന് ലഭിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിച്ചാണ് 'ഡബ്ല്യു.എ.എസ്.പി 121 ബി' എന്ന അന്യഗ്രഹത്തെ നിരീക്ഷിച്ചത്.
നാച്വര്‍ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഭൂമിയില്‍നിന്ന് ഇത്ര അകലത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹത്തിന്റെ ഘടന മനസിലാക്കുക ദുഷ്‌കരമാണ്. ഇതിന് നൂതനമായ ചില മാര്‍ഗങ്ങള്‍ അവലംബിച്ചതായി അമേരിക്കയില്‍ മേരിലന്‍ഡ് യൂനിവേഴിസിറ്റിയിലെ ഡ്രേക്ക് ഡെമിങ് പറഞ്ഞു. കഠിനമായി ചൂടുള്ളതാണ് ഈ ഗ്രഹം.
അതുകൊണ്ടുതന്നെ ബാഷ്പരൂപത്തിലാണ് അന്തരീക്ഷത്തില്‍ ജലത്തിന്റെ സാന്നിധ്യമുള്ളത്. അതിനാല്‍ പ്രകാശത്തിന്റെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങള്‍ ഗ്രഹത്തിന്റെ തിളക്കത്തില്‍ എങ്ങനെ വ്യത്യാസമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ഡെമിങ് പറഞ്ഞു.
1.3 ദിവസം കൂടുമ്പോഴാണ് ഗ്രഹം ഒരുതവണ അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുന്നത്. 2,500 ഡിഗ്രി സെല്‍ഷ്യസ് ആണ് ഗ്രഹത്തിന്റെ അന്തരീക്ഷോഷ്മാവ്.
ഇരുമ്പിനെ തിളപ്പിക്കാന്‍ സാധിക്കുന്ന ഊഷ്മാവാണിതെന്ന് ഗവേഷണത്തില്‍ ഉള്‍പ്പെട്ട ഹന്ന വേക്‌ഫോര്‍ഡ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."