പൗരത്വനിയമ ഭേദഗതി തടയാന്‍ രണ്ട് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: രാജ്യത്താകമാനം ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കനക്കുമ്പോള്‍ നിയമത്തിന് തടയിടാന്‍ രണ്ട് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് രാഷ്ട്രീയ ചാണക്യനും ജെ.ഡി.യു നേതാവുമായ പ്രശാന്ത് കിഷോര്‍.
ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ സമാധാപരമായി തുടരുന്നതോടൊപ്പം തന്നെ എല്ലാ ജനങ്ങളും ജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടേതായ ശബ്ദത്തില്‍ പ്രതിഷേധിക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദ്യത്തെ കാര്യം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലില്ലാത്ത രാജ്യത്തെ 16 സംസ്ഥാനങ്ങളിലെങ്കിലും ദേശീയ പൗരത്വപട്ടിക(എന്‍.ആര്‍.സി) പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് അദ്ദേഹം പറയുന്ന രണ്ടാമത്തെ കാര്യം.
ദേശീയ പൗരത്വ പട്ടികക്കെതിരേയും പൗരത്വനിയമ ഭേദഗതിക്കെതിരേയും തുടക്കത്തില്‍ തന്നെ രംഗത്തുവന്ന പ്രശാന്ത് കിഷോര്‍ ട്വിറ്ററിലൂടെയാണ് ഇതിനെതിരായ തന്റെ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ എന്‍.ഡി.എയിലെ ഘടകകക്ഷിയായ ജെ.ഡി.യു നേതാവാണ് പ്രശാന്ത് കിഷോര്‍. നിയമം പാസാക്കിയ ഉടന്‍ തന്നെ അദ്ദേഹം പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം നിതീഷ് കുമാറും നിയമത്തിനെതിരേ രംഗത്തുവന്നു. എന്തുവന്നാലും സംസ്ഥാനത്ത് എന്‍.ആര്‍.സി തയാറാക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞതോടെ ബി.ജെ.പിയും പരുങ്ങലിലായിരുന്നു. അസാം സ്വദേശിനിയായ പ്രശാന്ത് കിഷോറിന്റെ ഭാര്യയും ഇക്കാര്യത്തില്‍ ബി.ജെ.പിക്കെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. നിയമത്തിനെതിരായി കോണ്‍ഗ്രസ് നേതൃത്വം കാര്യമായ പ്രതിഷേധമോ നടപടികളോ സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ കിഷോര്‍ രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."