കടലാടിപ്പാറ ഖനനം; തെളിവെടുപ്പിനെത്തിയ കലക്ടറെയും സംഘത്തെയും സമരസമിതി തടഞ്ഞു
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന പൊതുതെളിവെടുപ്പ് സംഘത്തെ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതോടെ തെളിവെടുപ്പ് ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി
രാവിലെ 10.30ഓടെ പൊതുതെളിവെടുപ്പ് നടക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയ കലക്ടര്‍ കെ ജീവന് ബാബുവിനെയും സംഘത്തെയുമാണ് കിനാനൂര്‍കരിന്തളം പഞ്ചായത്തില്‍ നിന്നെത്തിയ നാട്ടുകാര്‍ തെളിവെടുപ്പ് ഹാളില്‍ കയറ്റാതെ തടഞ്ഞത്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ തെളിവെടുപ്പ് നടത്തിയേ പറ്റുവെന്ന് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഒരുതരത്തിലും തെളിവെടുപ്പ് നടക്കാന്‍ അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
പ്രതിഷേധക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് കലക്ടറും സംഘവും തിരിച്ചുപോയി. എന്നാല്‍ തെളിവെടുപ്പിന് വൈകുന്നേരം അഞ്ചു മണി വരെ സമയം അനുവദിച്ചിട്ടുള്ളതിനാല്‍ ഇത്രയും സമയം ഉപരോധസമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."