HOME
DETAILS

കളവ് പറയുന്നവനെ പരിഗണിക്കരുത്, അയാള്‍ എത്ര സത്യം പറഞ്ഞാലും

  
backup
December 23 2019 | 04:12 AM

editorial-23-dec-2019

 

പുരാതന റോമിലെ ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനും അഭിഭാഷകനും രാഷ്ട്രമീമാംസകനും ഭരണഘടനാ വിദഗ്ധനുമായിരുന്ന മാര്‍ക്കസ് തുളിയ സിസറോവിന്റെ സുപ്രധാനമായ ഒരു ദര്‍ശനമാണ് തലവാചകമായി ഉദ്ധരിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരേയും പൗരത്വപ്പട്ടികക്കെതിരേയും രാജ്യം സമരാഗ്നിയില്‍ ആളിപ്പടരുമ്പോള്‍ സമരത്തെ തണുപ്പിക്കാനായി ഈ ശൈത്യകാലത്ത് പലവിധ കുതന്ത്രങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടം പയറ്റിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ ഒരു കാരണവശാലും നിയമം പിന്‍വലിക്കില്ലെന്നും എത്രതന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായാലും ബി.ജെ.പി സര്‍ക്കാര്‍ പിന്മാറുകയില്ലെന്നും പറയുന്നു. അതില്‍ അത്ഭുതപ്പെടാനില്ല. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിലോ സ്വാതന്ത്ര്യസമരത്തിലോ പങ്കെടുക്കാത്ത ആര്‍.എസ്.എസിന് രാജ്യം കത്തിച്ചാമ്പലായാലും വലിയ വേവലാതിയുണ്ടാകില്ല. വസ്ത്രങ്ങള്‍ കൊണ്ട് സമരത്തെ നിജപ്പെടുത്തുന്ന പ്രധാനമന്ത്രി സമരത്തിന് വര്‍ഗീയ ഛായ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രകോപനങ്ങളെയെല്ലാം അതിജീവിച്ച് രാജ്യത്ത് നടക്കുന്നത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നത്തിനെതിരേയുള്ള സമരമല്ലെന്നും ഈ രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടമാണെന്നും ജനം സംഘ്പരിവാര്‍ ഭരണാധികാരികള്‍ക്ക് കാണിച്ച് കൊടുത്തുകൊണ്ടിരിക്കുകയാണ്.
ഈ സന്ദര്‍ഭത്തിലാണ് സമരത്തെ മരവിപ്പിക്കാനെന്ന വിധം നുണകളുടെ തമ്പുരാക്കന്മാരായ സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങളില്‍നിന്ന് അനുദിനമെന്നോണം പുതിയ പുതിയ നുണകളും പ്രകോപനങ്ങളും സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ വളരെ ലളിതമായി തയ്യാറാക്കാമെന്ന കുറിപ്പടിയുമായി രംഗത്തുവന്നിരിക്കുന്നത്. പൗരത്വം തെളിയിക്കാന്‍ 1971ന് മുന്‍പുള്ള ജനന സര്‍ട്ടിഫിക്കറ്റോ അവരുടെ രക്ഷിതാക്കളുടെ സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖകളോ ആവശ്യപ്പെടില്ലെന്നും 1971 മാര്‍ച്ച് 24 എന്ന തിയതി വച്ചത് അസമില്‍ ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കാനുള്ള നടപടിയാണെന്നുമാണ് പറയുന്നത്. പൗരത്വം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റോ ജന്മസ്ഥലം (നേറ്റിവിറ്റി) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ മതിയെന്നും പറയുന്നു. അതോടൊപ്പം തന്നെ പൗരത്വപ്പട്ടികയുടെ നടപടി ക്രമങ്ങള്‍ ആയിട്ടില്ലെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുറത്തുവന്നതിനു ശേഷം മാത്രമേ എന്‍.ആര്‍.സി നടപ്പിലാക്കുവെന്നും അതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും പറയുന്നു. ഇവിടെടെയാണ് സിസറോ വിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. കളവ് പറഞ്ഞുകൊണ്ടിരിക്കുന്നവനെ പരിഗണിക്കരുതെന്ന സത്യം ഇവിടെയാണ് പുലരുന്നതും. കാര്യങ്ങള്‍ ഇത്ര ലളിതമാണെങ്കില്‍ രാജ്യമൊട്ടാകെ നീതിക്കായി തെരുവില്‍ ഇറങ്ങേണ്ട കാര്യമുണ്ടായിരുന്നോ? ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പ് എന്തുകൊണ്ട് ആഭ്യന്തര മന്ത്രി ശരിവയ്ക്കുന്നില്ല. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ വസ്ത്രങ്ങളാല്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ സമരമായി ചുരുക്കിയ പ്രധാനമന്ത്രിക്ക് അത്തരത്തിലുള്ള പ്രസ്താവന നടത്തേണ്ട കാര്യമുണ്ടായിരുന്നോ?; പ്രശ്‌നം പരിഹരിക്കാന്‍ ഇത്രയും ലളിതമായ പദ്ധതികളാണ് ആഭ്യന്തര വകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്നതെങ്കില്‍. കാര്യം വ്യക്തമാണ് നുണകളില്‍ മാത്രം നിലനില്‍ക്കുന്ന സംഘ്പരിവാറിന് ഇത്തരമൊരു നുണയിലൂടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിതീക്ഷ്ണ സമരങ്ങളെ തണുപ്പിക്കണം. പൗരത്വ നിയമ ഭേദഗതിക്കു ശേഷം പൗരത്വപ്പട്ടിക നിയമം പാര്‍ലമെന്റില്‍ അമിത് ഷാ കൊണ്ടുവരുമ്പോള്‍ ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ട പൗരത്വം തെളിയിക്കാനുള്ള ലളിത മാര്‍ഗങ്ങളൊന്നും അതില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ആഭ്യന്തര മന്ത്രാലയം അങ്ങനെയായിരുന്നില്ലല്ലോ നേരത്തെ പറഞ്ഞിരുന്നതെന്ന് ആരെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിച്ചാല്‍ അതു തനിക്കറിയല്ലെന്നു പറഞ്ഞൊഴിയാനും അമിത് ഷാക്ക് കഴിയും. കളവ് പറഞ്ഞുകൊണ്ടിരിക്കന്നവരില്‍നിന്ന് ഒരിക്കലും സത്യസന്ധമായ സമീപനം പ്രതീക്ഷിക്കരുതെന്ന ഗുണപാഠം അടിക്കടി സംഘ്പരിവാര്‍ ഭരണകൂടത്തില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. അതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പടി ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീപാറുന്ന സമരത്തില്‍ കത്തിച്ചാമ്പലാവുകയേയുള്ളൂ. ആ കുറിപ്പടിയില്‍ വിശ്വസിച്ച് ഇന്ത്യന്‍ ജനത ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തില്‍നിന്നൊട്ട് പിന്മാറാനും പോകുന്നില്ല.
രാജ്യം കൂടുതല്‍ കലുഷിതമായ ഒരവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊലിസ് വെടിവയ്പില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. യു.പിയില്‍ ഇന്നലെ വരെ എട്ടു വയസുകാരന്‍ ഉള്‍പ്പെടെ പതിനെട്ടിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭകരെ കൊന്നൊടുക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെക്കൊണ്ട് ഭരണകൂടം പറയിപ്പിച്ചതിനെ തുടര്‍ന്ന് സമരത്തെ വെടിവച്ച് ഇല്ലാതാക്കാമെന്നാണ് ഭരണകൂടം കരുതുന്നത്. രാജ്യം ഇത്രയേറെ കലുഷിതമായിട്ടും പരമോന്നത നീതിപീഠം ശൈത്യകാല അവധിയില്‍ തുടരുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല. ഇതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞ കേസുകള്‍ സുപ്രിം കോടതി ഞായറാഴ്ച അവധി മാറ്റിവച്ചും അര്‍ധരാത്രിയിലും കേട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഒരു ഭരണകൂടം പിച്ചിച്ചീന്തുമ്പോള്‍ ഭരണഘടനയുടെ കാവലാളായ സുപ്രിം കോടതി ഉണരേണ്ടതുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിം കോടതിയില്‍ എഴുപതോളം ഹരജി കളാണുള്ളത്. ഇതെല്ലാം ജനുവരി 22ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍, അത്രയും ദിവസത്തെ കാലദൈര്‍ഘ്യംകൊണ്ട് ഈ സമരത്തെ തണുപ്പിക്കാനുമാകില്ല. തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് രാജ്യത്തെ പ്രമുഖ ഭരണഘടനാ വിദഗ്ധരൊക്കെയും തീര്‍ത്തു പറഞ്ഞതാണ്. എന്നാല്‍ സുപ്രിം കോടതി പൗരത്വ നിയമ ഭേദഗതിക്കെതിരേ വ്യാപകമായ പ്രചാരണം നടത്താനാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നടക്കുന്നത് അനീതിയാണെന്ന തിരിച്ചറിവിലാണ് ജനങ്ങള്‍ ഒന്നടങ്കം തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി ചവറ്റുകൊട്ടയില്‍ എറിയുന്നതുവരെ ഈ സമരത്തില്‍നിന്ന് പിന്മാറുകയില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ കരിനിയമത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന പ്രസ്താവനകളില്‍ അഭിരമിക്കുകയാണ് കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നുവോ കേരളീയ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനായി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി മുന്‍കൂട്ടി കേരളത്തിലേക്ക് അയച്ചതെന്ന് തോന്നിപ്പോകുന്നു.
ഇന്ത്യയില്‍ ഹിന്ദുത്വഭരണം നടപ്പാക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംഘ്പരിവാര്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അതിനുവേണ്ടി അവര്‍ ആരിഫ് മുഹമ്മദ് ഖാന്‍മാരെയും ഉപയോഗപ്പെടുത്തും. ഒടുവില്‍ അവര്‍ ആരിഫ് മുഹമ്മദ് ഖാനെയും തേടിയെത്തും. അന്നേരം ഞാന്‍ ബി.ജെ.പിക്കാരനാണെന്ന് പറഞ്ഞാലും 'എങ്കിലും നീ മുഹമ്മദല്ലേ' എന്ന മറുചോദ്യം ഇപ്പോഴേ പ്രതീക്ഷിക്കുന്നത് നല്ലതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago