സംസ്ഥാന സ്‌കൂള്‍ കലോത്സവം; ക്രിസ്മസ് അവധിക്ക് നടത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് വിദ്യാഭ്യാസ മന്ത്രി കൂടി അംഗീകരിച്ചാല്‍ തൃശൂരില്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് മേളയ്ക്ക് കൊടി ഉയരും.
കലോത്സവത്തിന്റെ പേരില്‍ അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. മേളകള്‍ വിദ്യാഭ്യാസ കലണ്ടറിന്റെ താളംതെറ്റിക്കുന്നതായി പരാതിയുണ്ടായിരുന്നു.
സാധാരണ ജനുവരി മാസത്തിലാണ് കലോത്സവം നടക്കാറുള്ളത്. ഇത് മാറ്റി ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ കലോത്സവം നടത്താനാണ് നീക്കം. ഇതോടെ നഷ്ടമാകുന്നത് ജനുവരി ഒന്നിലെ പ്രവൃത്തിദിവസം മാത്രമായിരിക്കും. വിജയികള്‍ക്ക് സമ്മാനങ്ങള്‍നല്‍കി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാം.
ഒന്നിന് മേള തീര്‍ന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാനാകും. മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും നടത്തിപ്പ് ചുമതലയുള്ള അധ്യാപകര്‍ക്കും ജനുവരി ഒന്നുമുതല്‍ സ്‌കൂളിലെത്താം.
വാര്‍ഷിക പരീക്ഷയ്ക്ക് മുന്‍പ് അവസാന പാദത്തില്‍ കൂടുതല്‍ പ്രവൃത്തിദിവസം കിട്ടുകയും ചെയ്യും. ജില്ലാ മേളകള്‍ ക്രിസ്മസ് പരീക്ഷയ്ക്ക് മുന്‍പായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."