നിര്‍മാണത്തിന് ഇടനിലക്കാര്‍ വേണ്ട
ബാസിത് ഹസന്‍#
തൊടുപുഴ: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് മുഖേന ആവിഷ്‌കരിച്ചിരിക്കുന്ന 'കെയര്‍ ഹോം' ഭവന പദ്ധതിയുടെ നിര്‍മാണത്തിന് ഇടനിലക്കാര്‍ വേണ്ടെന്ന് സര്‍ക്കാര്‍.
ഭവന നിര്‍മാണ ചുമതല കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഇടനിലക്കാര്‍ക്ക് നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് സര്‍ക്കുലര്‍ പുറത്തിറക്കി.
ഭവന നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങുന്നത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് യഥാവിധി ചെയ്യേണ്ടതിന്റെ ചുമതല പൂര്‍ണമായും ഗുണഭോക്താവില്‍ നിക്ഷിപ്തമായിരിക്കും.
പദ്ധതി നടത്തിപ്പിന് നിയോഗിക്കപ്പെട്ട സഹകരണ സംഘത്തിന്റെ ചുമതലയില്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്.
ഗുണഭോക്താവിന്റെ പേരില്‍ ലഭിക്കുന്ന സാധനസാമഗ്രികളുടെ ബില്ലുകള്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തിനായി അനുവദിച്ചിട്ടുള്ള തുകയ്ക്കുപുറമെ സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ സാമ്പത്തികമായും അല്ലാതെയും നല്‍കുന്ന സഹായം ഭവന നിര്‍മാണത്തിന് ഉപയോഗിക്കാവുന്നതാണ്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴില്‍ ദിനങ്ങള്‍ ഭവന നിര്‍മാണത്തിനുപയോഗപ്പെടുത്താം. ഭവന നിര്‍മാണത്തിന് ലഭ്യമായിട്ടുള്ള സ്ഥലം, മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായതോ ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതോ ആയി ദുരന്തനിവാരണ വിഭാഗം രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഉള്‍പ്പെടാത്തതാണെന്ന് ഉറപ്പുവരുത്തണം.
നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ ഉറപ്പാക്കേണ്ടതാണെന്ന് നിര്‍ദേശിക്കുന്നുണ്ട്.
കെയര്‍ ഹോം പദ്ധതി പ്രകാരം സംസ്ഥാനത്ത് 2000 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നാലുലക്ഷം രൂപ എന്ന നിലയിലാണ് ഒരു വീടിന് ചെലവ് കണക്കാക്കുന്നത്. ഡിജിറ്റല്‍ സര്‍വേ അനുസരിച്ച് 75 ശതമാനത്തിലധികമോ പൂര്‍ണമായോ വീട് തകര്‍ന്ന 18,347 കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 13,016 വീടുകള്‍ വാസയോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നിട്ടുണ്ട്.
1,665 പേര്‍ക്ക് ഭൂമി വാസയോഗ്യമല്ലാത്തതിനാല്‍ പുതുതായി സ്ഥലം വാങ്ങേണ്ടി വരും. കെയര്‍ ഹോം പദ്ധതിക്ക് സഹകരണ പ്രസ്ഥാനങ്ങളുടെ പണവും സംസ്ഥാനദുരന്ത പ്രതികരണ നിധിയും ഉപയോഗിക്കുന്നുണ്ട്.
ലാഭവിഹിതം 'കെയര്‍ കേരള'യിലേക്ക്:
നിര്‍ദേശം സഹ. സംഘങ്ങള്‍ അട്ടിമറിച്ചു
തൊടുപുഴ: സഹകരണസംഘങ്ങള്‍ ലാഭവിഹിതം 'കെയര്‍ കേരള' പദ്ധതിയിലേക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പൊതുയോഗം മറയാക്കി പല സഹകരണ സംഘങ്ങളും അട്ടിമറിച്ചു.
സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും 2017-18 വര്‍ഷത്തെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത അംഗങ്ങള്‍ക്ക് നല്‍കുന്ന ലാഭവിഹിതം പൊതുയോഗത്തിന്റെ അംഗീകാരത്തോടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് സഹ. സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍.
സഹകരണ നിയമപ്രകാരം സംഘം പൊതുയോഗം സെപ്റ്റംബര്‍ 30ന് മുന്‍പ് നടത്തണമായിരുന്നു. ഈ സമയപരിധിയില്‍ തന്നെ ഭൂരിഭാഗം ബാങ്കുകളും പൊതുയോഗം നടത്തിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ചു. പ്രളയ പശ്ചാത്തലത്തില്‍ പൊതുയോഗത്തിന്റെ സമയം ഡിസംബര്‍ 31 വരെ അനുവദിച്ചതിന്റെ മറവിലാണ് ചില സംഘങ്ങള്‍ തീരുമാനം നീട്ടുന്നത്. മൊത്തം ലാഭത്തിന്റെ സ്റ്റാറ്റിയൂട്ടറി റിസര്‍വ് കിഴിച്ച് വരുന്ന 25 ശതമാനമാണ് പരമാവധി ലാഭവിഹിതമായി നല്‍കാന്‍ സഹകരണ നിയമം അനുശാസിക്കുന്നത്. എന്നാല്‍, പൊതുയോഗത്തില്‍ അംഗീകാരം നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം സംഘങ്ങളും കെയര്‍ കേരളയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."