മലബാറിന്റെ ചരിത്രസൂക്ഷിപ്പുകാരന്‍
രണ്ടായിരത്തിലധികം മഹദ് വ്യക്തികളുടെ ജനനമരണ തിയതികളടക്കം സമ്പൂര്‍ണ ജീവചരിത്രം ഹൃദിസ്ഥമായിരുന്ന ഒരു ചരിത്ര പണ്ഡിതന്‍ കേരളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ആ അനിതര സാധാരണത്വമാണ് നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍. മാപ്പിള ചരിത്രത്തിലെ വെള്ളിനക്ഷത്രമായിരുന്ന ആലി മുസ്‌ലിയാരുടെ പൗത്രനാണ് നെല്ലിക്കുത്ത് എരികുന്നന്‍ പാലത്ത്മൂലയില്‍ മുഹമ്മദലി മുസ്‌ലിയാര്‍. അപാരമായ ഓര്‍മശക്തിയായിരുന്നു മുഹമ്മദലി മുസ്‌ലിയാരെ വേറിട്ടൊരു ചരിത്രകാരനാക്കിയത്. ഇംഗ്ലീഷ് ചരിത്രകാരന്മാരായിരുന്ന ടെയ്‌ലറെയും മില്ലറെയും അദ്ദേഹത്തിന്റെ അടുത്തെത്തിച്ചതും ഈ പ്രത്യേകത തന്നെയായിരുന്നു.
ജീവിതകാലം മുഴുവന്‍ ചരിത്രം തേടിയുള്ള യാത്രകള്‍. അല്‍ബിറൂനിയെയും ഇബ്‌നുബത്തൂത്തയെയും പോലെ ചരിത്രശേഖരണത്തിനായി ജീവിതംതന്നെ ഉഴിഞ്ഞുവച്ച മഹാപണ്ഡിതന്‍. കേരളചരിത്രത്തിലെ ത്വബരിയെന്നും മസ്ഊദിയെന്നും ഇബ്‌നുഖല്‍ദൂനെന്നുമെല്ലാം അദ്ദേഹത്തെ വിശേഷിപ്പിച്ചവരുണ്ട്. തന്റെ കൃതികള്‍ മുഴുവന്‍ വെളിച്ചം കാണാതെ ജീവിതത്തോട് അദ്ദേഹം വിടപറഞ്ഞു. രണ്ടായിരത്തിലധികം കേരളീയ പണ്ഡിതന്മാരുടെ ചരിത്രം പറയുന്ന അദ്ദേഹത്തിന്റെ 'തുഹ്ഫതുല്‍ അഖ്‌യാര്‍ ഫീ താരീഖി ഉലമാഇ മലൈബാര്‍' എന്ന ചരിത്രഗ്രന്ഥവും അതില്‍പെടുന്നു.
ജനനം, അധ്യയനം, അധ്യാപനം
മഹത്തായ പൈതൃകവും പണ്ഡിതപാരമ്പര്യവുമുള്ള കുടുംബമാണ് മുഹമ്മദലി മുസ്‌ലിയാരുടേത്. പണ്ഡിതനും ഖിലാഫത്ത് പ്രസ്ഥാന നായകനുമായിരുന്ന ആലി മുസ്‌ലിയാരുടെ പേരമകനായി 1932 ഒക്ടോബര്‍ 25ല്‍ ജനം. പിതാവ് അബ്ദുല്ലക്കുട്ടി മുസ്‌ലിയാരും പണ്ഡിതനും കവിയും മികച്ച അറബി കൈയക്ഷരത്തിന്റെ ഉടമയുമായിരുന്നു. മാതാവ് ഫാത്വിമയുടെ പിതാവ് പരിയങ്ങാട്ട് പി. മരക്കാര്‍ മുസ്‌ലിയാര്‍ ബഹുഭാഷാ പണ്ഡിതനും നിമിഷക്കവിയുമായിരുന്നു. ഭാര്യ മൈമൂനയുടെ പിതാവ് കെ.ടി ഇബ്‌റാഹീം മുസ്‌ലിയാരും ബഹുഭാഷാ പണ്ഡിതനും കവിയുമായിരുന്നു.
നെല്ലിക്കുത്ത് മാപ്പിള ബോര്‍ഡ് സ്‌കൂളില്‍ മൂന്നാം ക്ലാസുവരെ പഠിച്ച ശേഷം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം നടത്തി. പ്രഥമ ഗുരുനാഥന്‍ പിതാവ് തന്നെയായിരുന്നു. ചെമ്പ്രശ്ശേരി, അയനിക്കോട്, തൃക്കലങ്ങോട്, കാരപ്പഞ്ചേരി, അരീച്ചോല, പാണക്കാട്, വണ്ടൂര്‍ എന്നിവിടങ്ങളിലായി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭരുടെ കീഴില്‍ മതപഠനം നടത്തി.
1963ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ പ്രഥമബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. കണ്ണിന് അസുഖം കാരണം പഠനം പൂര്‍ത്തിയാക്കാനായില്ലെങ്കിലും സ്ഥിരോത്സാഹിയായ അദ്ദേഹം നീണ്ട ഇരുപത്തിരണ്ടുവര്‍ഷത്തെ പഠനപരിശ്രമങ്ങള്‍ക്കുശേഷം 1965ല്‍ കാര്‍ത്തലയില്‍ മുദരിസായി അധ്യാപനത്തിന് തുടക്കംകുറിച്ചു. എടത്തല, വള്ളുവങ്ങാട്, തരുവണ, പയ്യന്നൂര്‍, വട്യാര, പന്നിയൂര്‍, കര്‍ണാടകയിലെ കൗടിക്കട്ട് തുടങ്ങിയ സ്ഥലങ്ങളിലും മുദരിസായി സേവനമനുഷ്ഠിച്ചു.
ചരിത്രം തേടിയുള്ള തീര്‍ഥയാത്രകള്‍
നാടും വീടും വിട്ട് ചരിത്രസത്യങ്ങള്‍ തേടിയുള്ള സ്വന്തം യാത്രയെ രണ്ടുഘട്ടമായാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. 1951 മുതലുള്ള ഒന്നാംഘട്ടവും 1979 മുതലുള്ള രണ്ടാം ഘട്ടവും. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ അദ്ദേഹം ചെന്നെത്താത്ത ഗ്രന്ഥാലയങ്ങളോ സ്ഥാപനങ്ങളോ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളോ ഇല്ല. ചരിത്ര പുരുഷന്മാരുടെ ഉറവിടങ്ങള്‍ തേടി രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന യാത്രകള്‍. വിജ്ഞാനം തേടിയുള്ള യാത്രയില്‍ സമുദായത്തിലെ കക്ഷി വഴക്കുകളോ സംഘടനാ പ്രശ്‌നങ്ങളോ അദ്ദേഹത്തിനു മുന്‍പില്‍ തടസങ്ങളായിരുന്നില്ല.
രചനകള്‍
അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ വശമുണ്ടായിരുന്ന മുഹമ്മദലി മുസ്‌ലിയാരുടെ രചനകളെല്ലാം ശുദ്ധവും ലളിതവുമായ അറബിഭാഷയിലാണ്. മലയാളത്തില്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട ഏക ഗ്രന്ഥം 'മലയാളത്തിലെ മഹാരഥന്മാര്‍' എന്ന പേരില്‍ 1997ല്‍ പുറത്തിറങ്ങി. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വരെയുള്ള പ്രഗത്ഭ പണ്ഡിതന്മാരെക്കുറിച്ചുള്ളതാണിത്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീന്റെ പരിഭാഷയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
വെളിച്ചം കാണാത്ത കൃതികള്‍
1. തുഹ്ഫതുല്‍ അഖ്‌യാര്‍ ഫീ താരീഖി ഉലമാഇ മലൈബാര്‍: കേരളക്കരയില്‍ മണ്‍മറഞ്ഞുപോയ പണ്ഡിതശ്രേഷ്ഠരുടെ ജീവചരിത്രമായ ഈ ഗ്രന്ഥത്തിന് മൂന്നുവാള്യമുണ്ട്.
2. തുഹ്ഫതുല്‍ അഖില്ലാഅ് ഫീ താരീഖില്‍ ഖുലഫാഅ്: ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) മുതല്‍ ഉസ്മാനിയ്യാ ഖലീഫ സുല്‍ത്താന്‍ വഹീദുദ്ദീന്‍ ഖാന്‍ വരെയുള്ളവരുടെ ചരിത്രമാണ് ഇതില്‍.
3. മുഅ്ജമുല്‍ മുസന്നിഫീന്‍: ശൈഖ് ഇസ്മാഈല്‍ ബാദുഷ(മരണം ഹി. 1335)യുടെ 'ഹിദായതുല്‍ ആരിഫീന്‍' എന്ന കൃതിയുടെ സംഗ്രഹം. 1,500ഓളം പൗരാണിക മുസ്‌ലിം ഗ്രന്ഥകാരന്മാരുടെ ചരിത്രവും ഗ്രന്ഥവിവരണങ്ങളും ഉള്‍കൊള്ളുന്നു.
4. തുഹ്ഫത്തുല്‍ ഇഖ്‌വാന്‍ ഫീ ബയാനിത്തഫാസീറി വല്‍ മുഫസ്സിറീന ഫില്‍ ഖുര്‍ആന്‍: ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയും വ്യാഖ്യാതാക്കളെയും കുറിച്ചുള്ള കൃതിയാണിത്.
5. അശ്ശംസുല്‍ മുളീഅ: ഖിലാഫത്ത് സമരത്തെക്കുറിച്ച് സമരനായകന്‍ ആലി മുസ്‌ലിയാരുടെ പൗത്രന്‍ രചിച്ച കൃതി എന്നത് ഇതിനെ വ്യതിരിക്തമാക്കുന്നു.
6. അല്‍ അശ്ആറു വശ്ശുഅറാഅ്: കേരളത്തിലെ നൂറോളം കവികളെയും കവിതകളെയും കുറിച്ചുള്ള കൃതി.
7. ളൗഉല്ലംആത്തു ഫീ താരീഖിസ്സാദാത്ത്: കേരളത്തിലെ സയ്യിദ് കുടുംബങ്ങളുടെ ചരിത്രം.
8. മജ്മഉശ്ശുറൂഹ്: അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യ, ഫിഖ്ഹ് ഗ്രന്ഥമായ മിന്‍ഹാജ്, ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥമായ ജംഉല്‍ ജവാമിഅ് തുടങ്ങിയവയുടെ വിവിധ വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള വിവരണമാണിത്.
9. ശുറൂഹുല്‍ ബുര്‍ദ: ഇമാം ബൂസ്വീരിയുടെ ഖസ്വീദതുല്‍ ബുര്‍ദയുടെ 48 വ്യാഖ്യാനങ്ങള്‍ ഒരുമിച്ചുകൂട്ടിയത്.
മറ്റു കൃതികള്‍
മലയാളത്തില്‍ ആദ്യമായി അറബി-മലയാള ഭാഷാ നിഘണ്ടു തയാറാക്കിയത് അദ്ദേഹമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ പ്രസ്തുത കൃതി അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊണ്ടുപോയി നഷ്ടപ്പെടുത്തിക്കളഞ്ഞു. പ്രസാധനത്തിനെന്നും മറ്റും പറഞ്ഞ് അദ്ദേഹത്തില്‍നിന്നു പലരും കൊണ്ടുപോയി നഷ്ടപ്പെട്ട ഒരുപിടി രചനകളുടെ കൂട്ടത്തില്‍ ഒന്നുമാത്രം. വിവിധ മൗലീദ് രചയിതാക്കളെപ്പറ്റിയുള്ള വിവരണഗ്രന്ഥവും കേരളത്തിലെ വിവിധ പള്ളികളുടെ നിര്‍മാണ വിവരങ്ങളടങ്ങുന്ന മറ്റൊരു കൃതിയും അദ്ദേഹത്തിന്റേതായുണ്ട്. ഇതിനുപുറമേ ധാരാളം അറബികവിതകളും എഴുതിയിട്ടുണ്ട്. സാമ്പത്തിക പ്രതികൂലാവസ്ഥ തന്നെയായിരുന്നു ആ കൃതികളൊക്കെയും വെളിച്ചം കാണാതെ പോയതിനു പിന്നില്‍.
ഗ്രന്ഥശേഖരം
ആലി മുസ്‌ലിയാരില്‍നിന്നു പൈതൃകമായി ലഭിച്ചതും സ്വയം കണ്ടെത്തിയതും രചിച്ചതുമായ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരം മുഹമ്മദലി മുസ്‌ലിയാരുടെ വീട്ടിലുണ്ട്. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ശേഖരമായിരുന്നു ആലി മുസ്‌ലിയാരുടേത്. അവയില്‍ ഭൂരിഭാഗവും ഖിലാഫത്ത് സമരകാലത്ത് ബ്രിട്ടീഷുകാര്‍ തീയിട്ടു നശിപ്പിച്ചു. അവശേഷിക്കുന്നത് മുന്നൂറോളം ഗ്രന്ഥങ്ങള്‍ മാത്രമായിരുന്നു. കടുത്ത സാമ്പത്തിക പരാധീനത കാരണം ചില ഗ്രന്ഥങ്ങള്‍ വില്‍ക്കാന്‍ പിതാവ് അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ബൂട്ടിട്ടു ചവിട്ടിയ അടയാളമുള്ള മഹല്ലിയുടെ രണ്ടു ഭാഗവും ശേഖരത്തിലുണ്ട്. നിരവധി അലമാരകളിലായി സൂക്ഷിച്ച ഗ്രന്ഥങ്ങള്‍ പലതും കാലപ്പഴക്കത്താല്‍ ദ്രവിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അവഗണനയുടെ തീച്ചൂളയില്‍
ഒരു പുരുഷായുസ് മുഴുവന്‍ ചരിത്രവിജ്ഞാനങ്ങളുടെ ശേഖരണത്തിനും ക്രോഡീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച മുഹമ്മദലി മുസ്‌ലിയാരെയും കുടുംബത്തെയും കേരളീയ സമൂഹവും മുഖ്യധാരാ ചരിത്രലോകവും അര്‍ഹമായ പരിഗണന നല്‍കാതെ അവഗണിക്കുകയായിരുന്നു. സ്വന്തം നാട്ടുകാര്‍ക്കുപോലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ തിരിച്ചറിയാനോ അര്‍ഹമായ ആദരവ് നല്‍കാനോ സാധിച്ചില്ല എന്നതാണു യാഥാര്‍ഥ്യം.
കടുത്ത അവഗണനകള്‍ക്കിടയിലും ഒറ്റപ്പെട്ട അനുമോദനങ്ങളും അദ്ദേഹത്തെ തേടിയെത്തി. കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയര്‍, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ദുബൈ കള്‍ചറല്‍ സെന്റര്‍, പെരുമ്പിലാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ് ട്രസ്റ്റ്(ഹദ്ദാദ് അവാര്‍ഡ്), കോടമ്പുഴ ദാറുല്‍ മആരിഫ് അറബിക് കോളജ് (ഇമാം ഗസ്സാലി അവാര്‍ഡ്), 2005ലെ മഖ്ദൂം അവാര്‍ഡ്, മലബാറിലെ ചരിത്രഗവേഷണങ്ങള്‍ക്കുള്ള അദര്‍ ബുക്‌സ് അവാര്‍ഡ്, കടമേരി റഹ്മാനിയ്യ അറബിക് കോളജ് നല്‍കിയ ബഹുമതി എന്നിവ എടുത്തുപറയേണ്ടതാണ്.
ഭൗതിക ബിരുദങ്ങളൊന്നുമില്ലാത്ത മുഹമ്മദലി മുസ്‌ലിയാരുടെ വൈജ്ഞാനികപ്രഭയില്‍നിന്നും ചരിത്രബോധത്തില്‍നിന്നും നിരവധി ഗവേഷണപ്രബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. ചരിത്രകാരന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സംശയ നിവാരണങ്ങള്‍ക്കായി പലപ്പോഴും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഡോ. കെ.വി വീരാന്‍ മൊയ്തീന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ.ടി ജലീല്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുറഷീദ്, പ്രൊഫ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. കെ.കെ അബ്ദുസ്സത്താര്‍, ഡോ. മായിന്‍കുട്ടി, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ സഹായത്തോടെ ഉന്നതബിരുദങ്ങള്‍ നേടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അദ്ദേഹം ഒരു ജീവനുള്ള വിജ്ഞാനകോശമായിരുന്നു.
2007 ഓഗസ്റ്റ് ഏഴിന് സ്വന്തം പരാതികളോ പരിഭവങ്ങളോ ആരെയും അറിയിക്കാതെ തികച്ചും ഫഖീറിനെപ്പോലെ ജീവിച്ച് അദ്ദേഹം ലോകത്തോടു വിടവാങ്ങി.
2013ലെ കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനപ്രബന്ധം. കോഴിക്കോട് ജില്ലയില്‍ ചേന്ദമംഗല്ലൂരിലെ സുന്നിയ്യ അറബിക് കോളജ് പ്രൊഫസറാണ് ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."