HOME
DETAILS

പൗരത്വ ഭേദഗതിയും ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും

  
backup
December 27 2019 | 01:12 AM

abdulatheef-todays-article-27-12-2019

 


പൗരത്വരേഖകളൊന്നുമില്ലാത്ത ആള്‍ക്കൂട്ടമാണോ ഇന്ത്യന്‍ ജനത? ബി.ജെ.പി.നേതാക്കളുടെയും ഇന്ത്യന്‍ കാബിനറ്റ് മന്ത്രിമാരുടെയും ആധികാരികവര്‍ത്തമാനം കേട്ടാല്‍ തോന്നുക ഇന്ത്യാക്കാര്‍ക്ക് പൗരത്വരേഖകളൊന്നുമില്ല എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കാബിനറ്റ് മന്ത്രിമാരായ രാജ്‌നാഥ് സിങിന്റെയും നിധിന്‍ ഗഡ്കരിയുടെയുമൊക്കെ പാര്‍ലമെന്റ് പ്രസംഗങ്ങളും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പുയോഗപ്രസംഗങ്ങളും കേട്ടാല്‍ ഇന്ത്യ മുഴുവന്‍ പൗരത്വരേഖകളൊന്നുമില്ലാത്ത അനധികൃതകുടിയേറ്റക്കാര്‍ നിറഞ്ഞിരിക്കുകയാണെന്നു തോന്നും.
പോസ്റ്റ് ട്രൂത്ത് കാലത്ത് വിശ്വസനീയമെന്നു തോന്നുംമട്ടില്‍ എന്തു പറഞ്ഞാലും അതിനു മേല്‍ക്കൈ കിട്ടും എന്ന് പറയുന്നവര്‍ക്കറിയാം. പക്ഷേ ഒന്നാലോചിച്ചുനോക്കിയാല്‍ ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ 90 കോടി ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. 1993ല്‍ ടി.എന്‍ ശേഷന്‍ തെരഞ്ഞെടുപ്പു കമ്മിഷണറായിരിക്കെ ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി ഇപ്പോള്‍ ഇന്ത്യന്‍ വോട്ടര്‍ ഐ.ഡി.കാര്‍ഡ് ഇന്ത്യാക്കാരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയായിട്ടുണ്ട്. പേര്, മേല്‍വിലാസം, പ്രായം, പിതാവിന്റെ പേര്, കളര്‍ഫോട്ടോ എന്നിവയടക്കം ഒരു വിവിധോദ്ദേശ്യ തിരിച്ചറിയല്‍ രേഖയായി മാറിയ ഇന്ത്യന്‍ ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും പ്രവേശിക്കാനുള്ള യാത്രാരേഖ കൂടിയാണ്.
1951ഒക്ടോബര്‍ മുതല്‍ 1952 ഫെബ്രുവരി വരെ നടന്ന ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പില്‍ത്തന്നെ 360 മില്യന്‍ വരുന്ന ഇന്ത്യന്‍ജനതയില്‍ 173 മില്യന്‍ പേരെ ഉള്‍പ്പെടുത്തി വോട്ടര്‍പ്പട്ടിക ഉണ്ടാക്കിയിരുന്നു. ഇതില്‍ 45.7 ശതമാനം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ചിട്ടയായും വിവിധതലങ്ങളില്‍ പരാതി തീര്‍ത്തും കൃത്രിമങ്ങള്‍ കണ്ടെത്തി തിരുത്തിയും മുന്നേറുന്ന ഒന്നാണ് ഈ പട്ടിക. ഏറ്റവും പുതിയ തെരഞ്ഞെടുപ്പിലും ഏറെക്കുറെ കുറ്റമറ്റ ഈ പൗരത്വപ്പട്ടിക ഉപയോഗിച്ചാണ് ഇന്ത്യന്‍ ജനത നരേന്ദ്രമോദിയെയും അമിത് ഷായെയും ഭരിക്കാനായി തെരഞ്ഞെടുത്തത്. ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള പ്രാഥമികരേഖയല്ലെന്നു പറയുന്നവര്‍ അതുകൊണ്ടുതന്നെ തങ്ങളുടെ തെരഞ്ഞെടുപ്പിനെയും റദ്ദു ചെയ്തു കളയുന്നു.
2000ത്തിന്റെ ആദ്യ ദശകത്തിലാണ് ബയോ മെട്രിക് വിവരങ്ങളടങ്ങിയ ഒരു ഇലക്ട്രോണിക് തിരിച്ചറിയല്‍ രേഖയെക്കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നതും 2009ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴില്‍ ആധാര്‍ അതോറിറ്റി നിലവില്‍ വരുന്നതും. ഇന്ത്യന്‍ജനതയില്‍ 90 ശതമാനത്തിനും ഇപ്പോള്‍ ആധാര്‍ നമ്പരുണ്ട്. ഈ രേഖയും ഇന്ത്യാക്കാരന്റെ പൗരത്വം തെളിയിക്കാന്‍ പ്രാപ്തമല്ല എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ രേഖകളെല്ലാം കുറ്റമറ്റത് എന്നു പറയുമ്പോഴും ഇതിലെല്ലാം തകരാറുകളും കടന്നുകയറ്റങ്ങളും ഉണ്ട് എന്ന് തുറന്നു സമ്മതിക്കുന്നതാണ് ഈ പറച്ചിലുകള്‍. എന്നിട്ട് ഇതേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ കുറ്റമറ്റ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കും എന്നും പറയുന്നു. അതെങ്ങനെ എന്നു കണ്ടറിയണം. ഹിന്ദുക്കള്‍ക്ക് മേധാവിത്വമുള്ളതും മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ പുറത്തുപോകേണ്ടതുമായ ഒരു ഹിന്ദുത്വരാഷ്ട്രം സ്വപ്നം കാണുന്ന ആര്‍.എസ്.എസിന്റെ കുത്സിതമായ ആഗ്രഹള്‍ക്കപ്പുറം സാങ്കേതികമായും ഭരണപരമായും തന്നെ ഒരു ഹെര്‍ക്കൂലിയന്‍ ടാസ്‌കാവും ഇത്.

പൗരത്വ നിയമ ഭേദഗതി
അസം പൗരത്വപ്പട്ടിക(ചഞഇ)യില്‍നിന്ന് പുറത്തുപോയ ഹിന്ദുക്കളെ സംബന്ധിച്ച ആക്ഷേപം പരിഹരിക്കുന്നതിനാണ് ധൃതിപ്പെട്ട് ഇന്ത്യയുടെ പൗരത്വമാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുന്ന ഒരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോള്‍ രാഷ്ട്രപതികൂടി ഒപ്പുവച്ച് നിയമമായിരിക്കുന്ന ഈ ഭേദഗതി പ്രാകാരം 2014ഡിസംബര്‍ 31വരെ ഇന്ത്യയിലെത്തിയ പാകിസ്താന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദു,സിഖ്,ജൈന,ബുദ്ധ,പാഴ്‌സി,ക്രിസ്ത്യന്‍ മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാം. ഇതുണ്ടാക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് പൗരത്വം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചരിത്രം പരിശോധിക്കേണ്ടതുണ്ട്.
1947നു മുന്‍പത്തെ ഇന്ത്യ ഇന്നത്തെ ഇന്ത്യ,പാകിസ്താന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ നേപ്പാള്‍,ഭൂട്ടാന്‍,മ്യാന്‍മര്‍(പഴയ ബര്‍മ്മ)തുടങ്ങിയ രാജ്യങ്ങളുമായും നമുക്ക് ബന്ധമുണ്ട്. അതുകൊണ്ട് പൗരത്വം സംബന്ധിച്ച പരികല്‍പനകളില്‍ തുടക്കം മുതല്‍തന്നെ ഇന്ത്യയില്‍ ജനിച്ചവര്‍ക്കൊപ്പം മറ്റുള്ളവരെയം നാം ഉള്‍പ്പെടുത്തുന്നുണ്ട്. 1955ലെ ആര്‍ട്ടിക്ക്ള്‍ 11 പ്രകാരം ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണ്. ഒപ്പം 1935 വരെ ഇന്ത്യന്‍ ഭാഗത്തു ജനിച്ചവരും 1946ജൂലൈ വരയുള്ള കാലയളവില്‍ ആറുമാസമെങ്കിലും ഇന്ത്യയില്‍ ജീവിച്ചവരും മാതാപിതാക്കളിലൊരാളെങ്കിലും ഇന്ത്യയിലുള്ളവരുമായ എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കും.
ഇക്കാര്യത്തില്‍ പിന്നീട് ഭേദഗതി വരുത്തി 1950 ജനുവരി 26 മുതല്‍ 1987 ജൂലൈ വരെ ഇന്ത്യയില്‍ ജനിച്ച എല്ലാവരെയും ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുള്ളവരായി കണക്കാക്കി. 1987 മുതല്‍ 2004 വരെ ഇന്ത്യയില്‍ ജനിച്ചവരും, രക്ഷിതാക്കള്‍ ഇന്ത്യയില്‍ ജീവിക്കുന്നവരുമായ കുടിയേറ്റക്കാരുടെ മകള്‍ക്കും പൗരത്വം ലഭിക്കും. ഇവരുടെ മാതാപിതാക്കള്‍ കുടിയേറ്റക്കാരാണെങ്കിലും അവര്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരാണെങ്കില്‍ കുട്ടികള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ട്. 2014നു ശേഷം ഇന്ത്യയിലേക്കു വന്ന കുടിയേറ്റക്കാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല. 2015ല്‍ ഈ ചട്ടം പരിഷ്‌കരിച്ച് പാകിസ്താന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് മതഭീതികൊണ്ട് ഇന്ത്യയിലെത്തുന്നവരെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം നടപടിയെടുക്കുന്നതില്‍നിന്ന് വിലക്കി.
2016ല്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് അഫ്ഗാനിസ്ഥാനെക്കൂടി ഉള്‍പ്പെടുത്തി. ഈ രണ്ടു ചട്ടഭേദഗതികളെ ഒന്നിച്ച് നിയമമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതുപ്രകാരം 2004ഓടു കൂടി കര്‍ശനമായ ഇന്ത്യന്‍ പൗരത്വനിയമത്തില്‍ പാകിസ്താന്‍, ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അനധികൃതകുടിയേറ്റക്കാര്‍ക്ക് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. പൗരത്വനിയമം ലഘൂകരിക്കുന്നുണ്ടെങ്കിലും അതിന്റെ ആനുകൂല്യം വിവേചനപരമായി മുസ്‌ലിംകള്‍ക്ക് നിഷേധിക്കുന്നു. ഇന്ത്യന്‍ പൗരന്മാരെ മാത്രമല്ല, എല്ലാ മനുഷ്യരെയും തുല്യതയോടെ കാണണം എന്ന ഭരണഘടനയുടെ മൗലികതത്ത്വത്തിന് എതിരാണ് മതാടിസ്ഥാനത്തില്‍ മനുഷ്യരെ വിഭജിക്കുന്ന ഈ ഭേദഗതി. ഈ നിയമപ്രകാരം വിദേശത്തുകഴിയുന്ന ഇന്ത്യക്കാരുടെ പൗരത്വം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണയിക്കാത്ത അധികാരങ്ങള്‍ നല്‍കുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വിദേശത്തു കഴിയുന്ന ഒരാള്‍ക്ക് ഏതുനിമിഷവും പൗരത്വം റദ്ദായേക്കാം എന്നതാണ് ഇതിന്റെ ഭീഷണമായ വശം.
യഥാര്‍ഥത്തില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം 5 വര്‍ഷം ഇന്ത്യയില്‍ താമസിച്ച മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 1947നു ശേഷം ഇന്ത്യയിലേക്കു കുടിയേറിയവരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാരാണ്. അസമില്‍ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ പൗരത്വപ്പട്ടിക തന്നെ ഇതിനു സാക്ഷിയാണ്. അപ്പോള്‍ ഇന്ത്യയിലേക്കുള്ള കുടിയേറ്റം രൂക്ഷമാണെന്നും അതില്‍ കൂടുതലും അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരാണെന്നുമുള്ള പ്രചാരണത്തിന് എന്താണ് അടിസ്ഥാനം?
ഇന്ത്യയിലെ മുസ്‌ലിംകളുടെ സാന്നിധ്യത്തെ സംശയിക്കുന്നതും അനങ്ങിയാല്‍ പാകിസ്താനിലേക്കു പോകാന്‍ ആവശ്യപ്പെടുന്നതും സംഘ്പരിവാറുകാരാണ്. ചരിത്രപരമായിത്തന്നെ മുസ്‌ലിംകളെ അവര്‍ ശത്രുപക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. 1923ല്‍ വി.ഡി സവര്‍ക്കര്‍ രചിച്ച എസെന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ എന്ന ഗ്രന്ഥത്തിലും 1936ല്‍ ഗോള്‍വാള്‍ക്കര്‍ രചിച്ച വീ ഓര്‍ അവര്‍ നേഷന്‍ ഡിഫൈന്‍ഡ് എന്ന ഗ്രന്ഥത്തിലും ഹിന്ദുരാഷ്ട്രം, അതിലെ പൗരന്മാര്‍ എന്നിവയെ നിര്‍വചിച്ചിട്ടുണ്ട്. സംഘ്പരിവാറിന്റെ സങ്കല്‍പങ്ങള്‍ക്ക് എതിരായാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ ഭരണഘടന ചിട്ടപ്പെടുത്തിയത്. അവിടെ ഹിന്ദുത്വ എന്ന ആശയത്തിനല്ല, മറിച്ച് മനുഷ്യതുല്യതയ്ക്കാണ് പ്രാധാന്യം. ജനാധിപത്യമാണ് അതിന്റെ മതം. എന്നാല്‍ ജനാധിപത്യ ഇന്ത്യയ്ക്കകത്തുനിന്നുകൊണ്ട് ഹിന്ദുരാഷ്ട്രം സ്വപ്നംകണ്ടവരാണ്, അതു പടിപടിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2024 അവരെ സംബന്ധിച്ച് നിര്‍ണായകമായ ഒരു കട്ടോഫ് ഡേറ്റാണ്. ഹിന്ദുത്വ എന്ന ആശയം ലിഖിതരൂപത്തിലായതിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജനാധിപത്യ ഇന്ത്യയെ ഹിന്ദുത്വ ഇന്ത്യയാക്കിമാറ്റാനുള്ള ആഗ്രഹം അവര്‍ ഏറെക്കുറെ തുറന്നുതന്നെ പറഞ്ഞിട്ടുണ്ട്. 2024നു മുന്‍പ് ഇന്ത്യയില്‍ എന്‍.ആര്‍.സി.നടപ്പിലാക്കുമെന്നും അതിനുമുന്‍പായി പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്‌ലിംകളല്ലാത്തവരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ പുറന്തള്ളുമെന്നും പറയുന്നതും നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രത്തിലെ രാഷ്ട്രീയാധികാരമുപയോഗിച്ച് കൈക്കൊള്ളുന്നതും ഇതിന്റെ ഭാഗമാണ്.
ദുഷ്ടലാക്കോടെ പ്രഖ്യാപിക്കപ്പെട്ട ദേശീയ പൗരത്വപ്പട്ടിക എന്ന ആശയത്തിന്റെ ഭാഗമായി ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ സമര്‍പ്പിക്കേണ്ട രേഖകളില്‍ വോട്ടര്‍ ഐ.ഡി, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എന്നിവയൊന്നുമില്ല. പകരം 1951നും 1987 നും ഇടയില്‍ ഇന്ത്യയില്‍ ജനിച്ചവര്‍ ജനനസര്‍ട്ടിഫിക്കറ്റോ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ ഭൂവുടമസ്ഥതാ രേഖയോ സമര്‍പ്പിക്കണം. 1968ല്‍ ജനിച്ച എന്റെ പിതാവിന് ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കളും അവരുടെ മക്കളുമെല്ലാം ഇന്ത്യന്‍ പൗരത്വത്തില്‍നിന്ന് പുറത്താകും. അതേസമയം ഇതേ പ്രശ്‌നങ്ങളുള്ള ഞങ്ങളുടെ അയല്‍വാസികള്‍ ഹിന്ദുക്കളാണ് എന്ന കാരണംകൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഇന്ത്യക്കകത്തുള്ള എല്ലാവരെയും അവര്‍ ഇന്ത്യന്‍ പൗരത്വമുള്ളവരാണോ അല്ലയോ എന്നതു പരിഗണിക്കാതെ വിവേചനമില്ലാതെ തുല്യതയോടെ കാണണം എന്ന ഇന്ത്യന്‍ഭരണഘടനയുടെ അടിസ്ഥാനപ്രമാണം നിലവിലെ പൗരത്വ നിയമം ലംഘിക്കുന്നു. എല്ലാറ്റിലുമധികം ഇരുപതുകോടിയോളം വരുന്ന മുസ്‌ലിംകളില്‍ നല്ലൊരു ശതമാനത്തെ പുറന്തള്ളുന്നതോടെ അവരുടെ സ്വത്തും അവസരങ്ങളും പിടിച്ചെടുക്കാമെന്ന യുദ്ധോത്സുകമായ ഒരു കൊള്ളയുടെ സാധ്യത അവര്‍ സ്വന്തം അണികള്‍ക്കു മുന്നില്‍ പരോക്ഷമായി വയ്ക്കുന്നു. ഇത് ഇന്ത്യ എന്ന ആശയത്തെ തന്നെ തകര്‍ക്കും എന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് ജനാധിപത്യ ഇന്ത്യയുടെ ശില്‍പികളായ ഗാന്ധി, അംബേദ്കര്‍, നെഹ്‌റു എന്നിവരുടെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് ഇപ്പോള്‍ ഇന്ത്യന്‍ജനത തെരുവിലിറങ്ങിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago