ഗോത്രകലകളുടെ അകമ്പടിയോടെ ഗോത്രതാളം അരങ്ങേറി
കല്‍പ്പറ്റ: ഗുണപരമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുകയും ആദിവാസി ഗോത്ര സമൂഹമുള്‍പ്പെടെയുള്ളവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാഷയും സംസ്‌കൃതിയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുറമുഖ-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലിന്റെ ഗോത്രകലകളുടെയും പാട്ടുകളുടെയും അവതരണം 'ഗോത്രതാളം' പുളിയാര്‍മലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രാവശിഷ്ടങ്ങളെ ഇന്നും ജീവിതത്തിന്റെ ഭാഗമാക്കുന്ന ആദിവാസി ഗോത്ര സമൂഹങ്ങളെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമങ്ങളാണ് ഗോത്രതാളം ഉള്‍പ്പെടെയുള്ള പരിപാടികള്‍. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ച സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. ടൂറിസത്തിന്റെ വികസനത്തോടൊപ്പം ആദിവാസി ഗോത്രസമൂഹത്തിന്റെ തനിമയും നിലനിര്‍ത്തപ്പെടണമെന്ന് മന്ത്രി പറഞ്ഞു. ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ് ഗോത്രതാളം പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നേടിയ 52 പേരില്‍ 35 പേരും ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഗോത്രസമൂഹത്തിന്റെ കല-സംസ്‌കാരം, നാടന്‍ പാട്ടുകള്‍, നൃത്തരൂപങ്ങള്‍ എന്നിവ തനിമയോടെ സംരക്ഷിക്കുകയും സ്വാഭാവികത നിലനിര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഗോത്രതാളം പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
ഗോത്രമൂപ്പന്‍ പി.കെ കരിയനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍(ഇന്‍ചാര്‍ജ്) ഡോ. പി.പി പ്രകാശന്‍, ഡോ. സി.എം അസിം, അബ്ദുള്‍ അസീസ്, കെ.ജി ജോസ്, ജോസ് ആന്റണി, സി.ഇ ഫിലിപ്പ്, കെ.ബി സിമില്‍ സംസാരിച്ചു. ഗദ്ദിക, വട്ടക്കളി, കമ്പളനൃത്തം, കുനട്ട, തോട്ടി, കോല്‍ക്കളി, ഗോത്രനൃത്തം, ആദിവാസികളുടെ തനതു പാട്ടുകള്‍ എന്നിവയിലാണ് കുട്ടികള്‍ അരങ്ങേറ്റം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."