ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍: ടീസ്റ്റ
സ്വന്തം ലേഖകന്‍
കൊച്ചി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ്. അസം ഉദാഹരണമാണ്. ഇത് ആരംഭിച്ചാല്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. അത് നിങ്ങളെ വെറുതെവിടുകയുമില്ല - അവര്‍ മുന്നറിയിപ്പ് നല്‍കി.
കൊച്ചിയില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ദേശീയ സമ്മേളനത്തില്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടീസ്റ്റ.പൗരത്വം എന്നത് ഭരണഘടനാപരമായ അവകാശമാണ്. പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് മോദിയും ഷായും ചേര്‍ന്നു നടത്തുന്നത് ഒരു വിഭാഗം ആളുകളെ സംരക്ഷിക്കാനും മറ്റൊരു വിഭാഗത്തെ പുറംതള്ളാനുമുള്ള ശ്രമമാണ്.
പൗരത്വനിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. അതു നടപ്പാക്കുകയും ഒരുപക്ഷേ നിങ്ങള്‍ പൗരനല്ലെന്നു തെളിയിക്കപ്പെടുകയും ചെയ്താല്‍ നിങ്ങളെ തുറുങ്കിലടയ്ക്കും. പിന്നീട് ദുരിതപൂര്‍ണമായ ജീവിതത്തിനൊടുവില്‍ നാടുകടത്തപ്പെടും.
ഭരണഘടന നിങ്ങള്‍ക്കനുവദിച്ചു തന്നിട്ടുള്ള സംസാര സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും സോഷ്യലിസത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഇപ്പോള്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ നിയമമെന്നും അവര്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ വസ്ത്ര നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കൊന്നും ഇതുവരെ ആധാര്‍ പോലും ലഭിച്ചിട്ടില്ല. മുംബൈയിലാവട്ടെ ശുചീകരണ തൊഴിലാളികള്‍ക്ക് പേരിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടി ആധാര്‍ നിഷേധിച്ചിരിക്കുന്നതും കൂട്ടിവായിക്കണം.
എട്ടുകോടിയോളം വരുന്ന ആദിവാസികള്‍ക്കും ആധാര്‍ ലഭ്യമാക്കിയിട്ടില്ല.
ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ ഇവരൊക്കെ എങ്ങനെയാണ് അവരുടെ പൗരത്വം തെളിയിക്കുക. എന്തു രേഖയാണ് അവര്‍ക്ക് ഹാജരാക്കാനാവുകയെന്നും ടീസ്റ്റ ചോദിച്ചു.
ദേശീയ പൗരത്വ നിയമ ഭേദഗതിയെയും ദേശീയ ജനസംഖ്യാരജിസ്റ്ററിനെയും എതിര്‍ത്ത കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ ടീസ്റ്റ സെതല്‍വാദ് അഭിനന്ദിച്ചു.
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ വെല്ലുവിളിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ് ഇവരണ്ടും.
മതാധിഷ്ഠിത പൗരത്വമെന്ന ആശയം പണ്ടേ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നതാണെന്നും ഭരണഘടനാവിരുദ്ധ സംഘടനയാണ് ആര്‍.എസ്.എസ് എന്നും ടീസ്റ്റ സെതല്‍വാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."