റെയില്‍വേ-വനംവകുപ്പുകളുടെ ചര്‍ച്ചകള്‍ പ്രഹസനം
വാളയാര്‍: പാലക്കാട്-കോയമ്പത്തൂര്‍ റെയില്‍പാതകളില്‍ ട്രെയിന്‍തട്ടി ചെരിയുന്നത് തുടര്‍ക്കഥയാകുമ്പോള്‍ പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ പ്രഹസനമാകുന്നു. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ എട്ടിമട റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള ഭാഗത്താണ് ട്രെയിനുകള്‍ തട്ടി ആനകള്‍ ചെരിയുന്നത് പതിവാകുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇരുപതോളം ആനകളാണ് ഇങ്ങനെ അപകടത്തിനിരയായിട്ടുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രധാനമായും രണ്ട് ട്രാക്കുകളാണ് ഈ റൂട്ടിലുള്ളത്. ഇതില്‍ വനത്തിലൂടെ പോകുന്ന ബി ട്രാക്കിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായിട്ടുള്ളത്. ഈ ട്രാക്കില്‍ പത്ത് ആനകളും കുറച്ച് മാറിയുള്ള ട്രാക്കില്‍ അഞ്ച് ആനകളുമാണ് ചെരിഞ്ഞിട്ടുള്ളത്. 1861 ലാണ് വനത്തിലൂടെ പാറ വെട്ടി റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചത്.
അതിനുശേഷം 1974ലാണ് നൂറുമീറ്റര്‍ മാറി എ ട്രാക്ക് നിര്‍മ്മിച്ചത്. പത്തോളം കൊടുംവളവുകളാണ് ഈ റൂട്ടിലുള്ളത്. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് വാളയാര്‍ റെയില്‍വേ സ്‌റ്റേഷനും എട്ടിമട റെയില്‍വേ സ്‌റ്റേഷനുമിടയിലുള്ള മൂന്നുകിലോ മീറ്റര്‍ ഭാഗത്താണ്. കഴിഞ്ഞ കാലങ്ങളില്‍ വനാതിര്‍ത്തിയില്‍ വനംവകുപ്പ് വൈദ്യുതി വേലികള്‍ സ്ഥാപിച്ചെങ്കിലും ഇത് ഫലവത്തായിട്ടില്ല.
വനത്തില്‍ നിന്ന് മാറി കുറച്ചകലെ ഒരു ട്രാക്ക് കൂടി നിര്‍മ്മിക്കണമെന്നാണ് റെയില്‍വേയോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പാലക്കാട് വന്യജീവിവിഭാഗം ചീഫ് ഫോറസ്റ്റര്‍ കണ്‍സര്‍വേറ്റര്‍ അറിയിച്ചു. എന്നാല്‍ വൈദ്യുതിവേലികള്‍ സ്ഥാപിക്കുന്നതിനോ പുതിയ ട്രാക്ക് നിര്‍മിക്കുന്നതിനോ ഉള്ള ചെലവുകള്‍ റെയില്‍വേക്ക് വഹിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളതെന്ന് പറഞ്ഞു. ഫലത്തില്‍ ആനകളുടെ മരണം തടയുന്നതിന് ആര് നടപടിയെടുക്കുമെന്ന വിഷയം തര്‍ക്കമായി തന്നെ തുടരുകയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അറിയിപ്പിലൂടെ വ്യക്തമാകുന്നത്.
11 കിലോമീറ്റര്‍ ദൂരം ട്രെയിനുകളുടെ വേഗത 45 കിലോമീറ്റര്‍ ആയിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് റെയില്‍വേ ജീവനക്കാര്‍ പാലിക്കുന്നുണ്ടെന്ന് വനംവകുപ്പിന് അറിയില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ധോണിയില്‍ മനുഷ്യനും വന്യജീവികളും എന്ന വിഷയത്തിലുള്ള ശില്‍പശാലയില്‍ അറിയിച്ചിരുന്നു.
പാലക്കാട് - കോയമ്പത്തൂര്‍ റെയില്‍ പാതയില്‍ എക്‌സ്പ്രസ്സ് ട്രെയിനുകളുടെ വേഗത കുറയ്ക്കണമെന്ന വ്യവസ്ഥ റെയില്‍വേയോ എന്‍ജിന്‍ ഡ്രൈവര്‍മാരോ പാലിക്കപ്പെടാത്തതാണ് കഞ്ചിക്കോട് - കോയമ്പത്തൂര്‍ റൂട്ടില്‍ ആനകള്‍ ചെരിയുന്നത് പതിവാകാന്‍ കാരണമാകുന്നത്.
മിക്കയിടത്തും സൗരോര്‍ജ്ജവേലികളും പ്രതിരോധ മാര്‍ഗങ്ങളും പേരിലൊതുങ്ങുന്നതും റെയില്‍വേയുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകുന്നതുമാണ് ആനകളുടെ കുരുതിക്കളമായി പാലക്കാട് - കോയമ്പത്തൂര്‍ റെയില്‍പാത മാറാന്‍ കാരണമായിരിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."