കാഞ്ഞാണി തൃശൂര്‍ സംസ്ഥാന പാത; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു
അന്തിക്കാട്: കാഞ്ഞാണി തൃശൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അരിമ്പൂര്‍ മുതല്‍ തൃശൂര്‍ പടിഞ്ഞാറെകോട്ട വരെ റോഡ് വീതി കൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും വീതി കൂട്ടുന്നുണ്ട്. അരിമ്പൂര്‍ പടിഞ്ഞാറെ ഭാഗത്ത് റോഡിനിരുവശവും വീതി കൂട്ടുന്നതിനായി മണ്ണു നീക്കി കുഴിയെടുത്തിട്ട് മാസത്തിലേറെയായി. രാത്രിയില്‍ കുഴിയില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണ്. ദിവസവും നിരവധി സ്വകാര്യബസുകളുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
റോഡിന്റെ വീതി കുറവും സ്വകാര്യ ബസുകളുടെ അമിതവേഗതയും ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. റോഡ് വീതി കൂട്ടുന്നതിനായി കുഴികളിലിട്ട കല്ലുകള്‍ ചിതറി കിടക്കുന്നതും ദുരിതമായി.
അരിമ്പൂര്‍ കിഴക്കുഭാഗത്ത് ഇപ്പോള്‍ നടക്കുന്ന വീതി കൂട്ടല്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. പൊതുമരാമത്ത് വകുപ്പധികൃതരുടെ അനാസ്ഥയാണ് പ്രശ്‌നത്തിനു കാരണമെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."