പാലാ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു
പാലാ: കൊട്ടാരമറ്റത്തെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് കാട് കയറി നശിക്കുന്നു. രണ്ട് കോടിയോളം രൂപ ചെലവഴിച്ച് ആധുനിക സംവിധാനങ്ങളോടെ രണ്ട് നിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചത്.
അഞ്ച് കിടപ്പ് മുറികള്‍, നാല് സ്യൂട്ട് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, അടുക്കള, റെസ്റ്റോറന്റ്, വര്‍ക്ക് ഏരിയ, വെയിറ്റിങ് ഏരിയ, സ്റ്റോര്‍, റിസപ്ഷന്‍, ഓഫിസ് മുറി എന്നിവയടക്കം വിശാലമായ സൗകര്യങ്ങളോടെ ആധുനിക നിലവാരത്തിലാണ് റെസ്റ്റ് ഹൗസ് പൂര്‍ത്തിയാക്കിയത്.
2016 ഫെബ്രുവരി 19ന് ഉദ്ഘാടനവും നടത്തി. മന്ത്രിയായിരുന്ന കെ.എം മാണിയുടെ താല്‍പര്യപ്രകാരമാണ് പാലായില്‍ മറ്റൊരു റെസ്റ്റ് ഹൗസ് കൂടി നിര്‍മിച്ചത്. അരുണാപുരത്തെ പൊതുമരാമത്ത് ഓഫിസിന് സമീപം പാലാ-ഏറ്റുമാനൂര്‍ പഴയറോഡില്‍ മരിയന്‍ ജങ്ഷന് സമീപമാണ് റെസ്റ്റ് ഹൗസ്. പെയിന്റിങ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി മുറ്റത്ത് തറയോടുകളും പാകിയിരുന്നു. തറയോടിന് മുകളില്‍ പത്തടിയിലേറെ ഉയരത്തില്‍ കാട്ടുചെടികള്‍ വളര്‍ന്ന അവസ്ഥയിലാണ് ഇപ്പോള്‍.
ചുറ്റുമതില്‍ സ്ഥാപിച്ച് ഗെയ്റ്റ് പിടിപ്പിച്ചിരിക്കുന്ന റെസ്റ്റ് ഹൗസ് പൂട്ടിയിട്ടിരിക്കുകയാണ്. ഒന്നര വര്‍ഷമായി അനാഥമായി കിടക്കുന്ന കെട്ടിടത്തില്‍ പായലും ചെടികളും വളര്‍ന്ന് നാശത്തിന്റെ വക്കിലെത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഫര്‍ണിച്ചറുകള്‍ ഇല്ലാത്തതാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്ന് പറയുന്നു. കസേരകളും കട്ടിലും മറ്റ് ഉപകരണങ്ങളും എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. ഇതിനായി യു.ഡി.എഫ് സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക അനുമതി ലഭിക്കാത്തതാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ തടസ്സമെന്ന് പറയപ്പെടുന്നു. അടുച്ചുപൂട്ടിയിരിക്കുന്ന റെസ്റ്റ് ഹൗസില്‍ ആവശ്യമായ ഫര്‍ണീച്ചറുകള്‍ അടിയന്തരമായി എത്തിച്ച് തുറന്നുകൊടുക്കുന്നതിനുള്ള നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അധികൃതരുടെ അനാസ്ഥയാണ് പാലയിലെ അതിഥിമന്ദിരം നശിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."