ജ്ഞാന വിപ്ലവം; ഇതു ചരിത്രസാക്ഷ്യം
കൊല്ലം (കെ.ടി മാനു മുസ്‌ലിയാര്‍ നഗര്‍): ആദര്‍ശ കേരളത്തിന്റെ പൈതൃക മണ്ണില്‍ ഇതു പുതുചരിതം. ദക്ഷിണ കേരളത്തിന്റെ ആത്മീയ പ്രഭ നിറഞ്ഞ കൊല്ലത്ത് ഇസ്‌ലാമിക പൈതൃകങ്ങളുടെ പ്രതാപങ്ങളോട് പില്‍ക്കാലത്തിന്റെ ഐക്യദാര്‍ഢ്യമായി സമ്മേളനം. അഷ്ടമുടിക്കായലിനരികെ ശുഭ്രസാഗരം തീര്‍ത്ത് രാജ്യാന്തര കീര്‍ത്തിയുള്ള മതാധ്യാപക കൂട്ടായ്മയുടെ കരുത്തായി അറുപതാം വാര്‍ഷിക സമ്മേളനം മാറി. ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനം ജനലക്ഷങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കൊല്ലത്തെ വിശാലമായ ആശ്രാമം മൈതാനത്താണ് സമ്മേളന വേദി സജ്ജമാക്കിയത്. കണ്ണെത്താ ദൂരത്തോളം നീളുന്ന സമ്മേളന നഗരിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു മദ്‌റസാധ്യാപകരും സമസ്ത പ്രവര്‍ത്തകരും ഒഴുകിയെത്തി. അറുപത് വര്‍ഷത്തെ കര്‍മസാഫല്യത്തിന്റെ ചരിത്രം അയവിറക്കിയ സമ്മേളനം സമസ്തയുടെ മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രസക്തി വിളിച്ചോതി. കേരള മുസ്‌ലിംകളുടെ ധാര്‍മിക, വിദ്യാഭ്യാസ പുരോഗതിയുടെ കൊടിയടയാളമായ സമസ്തയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തെക്കന്‍ കേരളത്തിന്റെ പിന്തുണ കൂടിയായി സമ്മേളനം.
കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തി. മാനു മുസ്‌ലിയാര്‍ നഗരിയിലേക്ക് ഇന്നലെ രാവിലെയോടെ തന്നെ വിദൂരദിക്കുകളില്‍ നിന്നുള്ള സമ്മേളന വാഹനങ്ങളാല്‍ കൊല്ലം ടൗണ്‍ നിറഞ്ഞിരുന്നു. സമാപന സമ്മേളനത്തിനു മണിക്കൂറുകള്‍ക്കു മുന്നേ ദേശീയപാതയില്‍ കൊല്ലത്തും ചിന്നക്കടയിലും ജനക്കൂട്ടം നിറഞ്ഞുകവിഞ്ഞിരുന്നു. സമ്മേളന നഗരിയുടെ വിവിധ ഭാഗങ്ങളിലായി ക്യു.എ.സി ഗ്രൗണ്ട്, ഗസ്റ്റ് ഹൗസ് ഗ്രൗണ്ട്, കെ.എസ്.ആര്‍.ടി.സി ലിങ്ക് റോഡ്, കര്‍ബല ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു വിവിധ ജില്ലകളില്‍ നിന്നെത്തിയ വാഹനങ്ങളുടെ പാര്‍ക്കിങ് സജ്ജീകരിച്ചിരുന്നത്. എന്നാല്‍ സമ്മേളനം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുന്നേ ഇവിടങ്ങള്‍ വാഹനങ്ങളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. കൊല്ലത്തെയും പരിസരങ്ങളിലെയും പള്ളികളും സ്ഥാപനങ്ങളും സമ്മേളന പ്രതിനിധികളുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടി.
സംസ്ഥാനത്തെ മഹല്ല്, മദ്‌റസാ പരിധിയില്‍നിന്ന് പ്രത്യേകം വാഹനങ്ങളിലായെത്തിയ ജനാവലി ഉച്ചയോടെ സമ്മേളന നഗരിയില്‍ നിറഞ്ഞു കവിഞ്ഞു. പൊരിവെയിലിലും ആശ്രാമം മൈതാനിയിലെ വേദിക്കു മുന്നിലെ ജനബാഹുല്യം രാത്രി വൈകി സമ്മേളനം സമാപിച്ച ശേഷമാണ് പിരിഞ്ഞത്. പതിനായിരത്തിലെത്തി നില്‍ക്കുന്ന മദ്‌റസകളുടെ കര്‍മ-കാവലാളുകായ മദ്‌റസാ അധ്യാപകരുടെ സേവനസാക്ഷ്യത്തിനു കേരളത്തിന്റെ പ്രാര്‍ഥനാ നിര്‍ഭരമായ പിന്തുണയാണ് ഇന്നലെ കൊല്ലം ആശ്രാമം മൈതാനിയില്‍ മുഴങ്ങിക്കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."