യൂസുഫ് മുസ്ലിയാരുടെ മരണം: വിശ്വസിക്കാനാകാതെ കുടുംബം
കോഴിക്കോട്: 'കഴിഞ്ഞ ചൊവ്വാഴ്ചയും ഉപ്പ വിളിച്ചിരുന്നു. എന്റെ വിദേശ യാത്രയെക്കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയും പെങ്ങളുടെ മകളോട് സംസാരിച്ചതിനും ശേഷമാണ് ഫോണ്‍ വച്ചത്. വെള്ളിയാഴ്ച യാത്രയുടെ തിയതി അറിയിക്കാനായി വിളിച്ചപ്പോള്‍ ഉപ്പ ഫോണെടുത്തില്ല. പിന്നെ വൈകിട്ട് ഉപ്പയുടെ വിയോഗ വാര്‍ത്ത സുഹൃത്ത് വഴി ഞെട്ടലോടെയാണ് ഞങ്ങളറിയുന്നത്. അപ്പോള്‍ തന്നെ കോലാറിലേക്ക് പുറപ്പെടുകയായിരുന്നു'. കഴിഞ്ഞ ദിവസം കോലാറില്‍ കുത്തേറ്റ് മരിച്ച യൂസുഫ് മുസ്ലിയാരുടെ ഏക മകന് മഹ്ദി അമീന് ഇത് പറയുമ്പോള്‍ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഉപ്പയുടെ ഘാതകരെ കണ്ടെത്തുമെന്നും മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നുമാണ് പൊലിസ് പറഞ്ഞിരിക്കുന്നത്. അന്വേഷണം സത്യസന്ധമായി നടക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മഹ്ദി പറഞ്ഞു.
പലപ്പോഴും യൂസുഫ് മുസലിയാര്‍ മഖാമുകളിലേക്ക് സിയാറത്തിനായി പോകാറുണ്ട്. പക്ഷേ, കഴിഞ്ഞ വെള്ളിയാഴ്ചയായിട്ടും കാണാതായപ്പോഴാണ് പരിസര വാസികള്‍ അദ്ദേഹം താമസിക്കുന്ന റൂമിലേക്ക് അന്വേഷിച്ചെത്തിയത്. പക്ഷേ റൂം പുറത്ത് നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു.
സംശയം തോന്നി പൊലിസിനെ വിളിച്ചു. പൊലിസെത്തി റൂമിന്റെ വാതില്‍ തുറന്നപ്പോഴാണ് മരിച്ചതായി കാണുന്നതെന്നും കോലാറിലെ പ്രദേശ വാസികള്‍ പറഞ്ഞതായി കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയും ഇ.കെ യൂസഫ് മുസ്ലിയാരുടെ സഹോദരനുമായ അബ്ദുല്ല പറഞ്ഞു.
കഴുത്തിലും ഉദര ഭാഗത്തും ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഫോണും മറ്റും നഷ്ടപ്പെട്ടതിനാല്‍ മോഷണ ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതന്നാണ് പൊലിസ് പറയുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."