നെഹ്രു ട്രോഫിയുടെ തുടക്കകാരനായ നടുഭാഗം ചുണ്ടന്‍ അവഗണനയുടെ കട്ടപ്പുറത്ത്
കുട്ടനാട്: നെഹ്രുട്രോഫി ജലമേളക്ക് കാരണക്കാരനായ നടുഭാഗം പഴയ ചുണ്ടന്‍ അധികൃതരുടെ അവഗണനയില്‍ ചിതലെടുത്ത് നശിക്കുകയാണ്. ചരിത്ര താളുകളില്‍ പലതവണ തങ്കലിപികളില്‍ കുറിക്കപ്പെട്ട നടുഭാഗം ചുണ്ടന്‍ ഇന്നു ആര്‍ക്കും വേണ്ടാതെ പൊട്ടിപ്പൊളിഞ്ഞ വള്ളപ്പുരയില്‍ ജീര്‍ണതയിലാണ്. നിലവില്‍ വള്ളപ്പുര തകര്‍ന്ന് വള്ളത്തിന്റെ നടുഭാഗത്ത് കുത്തി കിടക്കുകയാണ്. അവിടെയാണ് ഒരു ജനത ആവേശത്തോടെ കാലങ്ങളായി സംരക്ഷിച്ചു പോന്നിരുന്ന നെഹ്രു കയറി നിന്ന് ആനന്ദനൃത്തമാടിയ നടുപ്പലക. വള്ളം സംരക്ഷിക്കുന്നതിന് ഇനിയും വൈകിയാല്‍ പഴയ നടുഭാഗം ചുണ്ടന്‍ ചരിത്രത്താളുകളില്‍ മാത്രമായി മാറും.
60ാമത് നെഹ്രുട്രോഫി മത്സര വേളയില്‍ പവലിയനും നെഹ്രുവിന്റെ പ്രതിമയും നടുഭാഗത്തിന് മ്യൂസിയവും പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പവലിയനും പ്രതിമയും വന്നു. പക്ഷേ ഒരു കാലത്ത് ജലപ്രേമികളെ ആവേശം കൊള്ളിച്ച വള്ളത്തിന്റെ സംരക്ഷണത്തിന് മാത്രം നടപടിയുണ്ടായില്ല. ഇടക്ക് മെഗാ സര്‍ക്യൂട്ട് ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി മ്യൂസിയം നിര്‍മാണം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."