തെരുവുനായ നിര്‍മാര്‍ജന കേന്ദ്രം; ഉദ്ഘാടനം 13ന്
കാസര്‍കോട്: ജില്ലയില്‍ വിപുലമായ സംവിധാനത്തോടെ ഒരുക്കിയ തെരുവുനായ നിര്‍മാര്‍ജന കേന്ദ്രം 13നു തുറക്കും. ജില്ലാ പഞ്ചായത്ത് ജില്ലയിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ തുടങ്ങുന്ന കേന്ദ്രം 13നു വൈകുന്നേരം നാലിനു വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു ഉദ്ഘാടനം ചെയ്യും.
റെയില്‍വേ സ്റ്റേഷന്‍ റോജില്‍ ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ബംഗ്‌ളൂരുവിലെ അനിമല്‍ റൈറ്റ് ഫണ്ട് എന്ന സംഘടക്കാണ് കേന്ദ്രത്തിന്റെ നടത്തിപ്പിന് കരാര്‍ നല്‍കിയിരിക്കുന്നതെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തെരുവുനായകളെ പിടികൂടി കൊണ്ടുവന്നു വന്ധ്യംകരണ ശസ്ത്രക്രിയയും പേ വിഷബാധക്കുള്ള കുത്തിവെപ്പും നടത്തിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടുവിടുവാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പ് നടത്തിയ നായകളെ തിരിച്ചറിയാനായി ചെവിയില്‍ അടയാളവും പതിക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി തയാറാവുന്നത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷന്‍ തിയേറ്റര്‍, 30 നായകളെ പാര്‍പ്പിക്കുന്നതിനുള്ള കെന്നല്ലുകള്‍, ബയോ വേസ്റ്റ് സംസ്‌കരണ യൂനിറ്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിനോടനബന്ധിച്ച തെരുവുനായ നിര്‍മാര്‍ജന പരിശീലനവും ഒരുക്കിയിട്ടുണ്ട്.
തെരുവുനായ നിര്‍മാര്‍ജന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി മുഖ്യതിഥിയാവും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ് മോഹന്‍ പദ്ധതി വിശദീകരണം നടത്തും. പി.ബി അബ്ദു റസാഖ് എം.എല്‍.എ, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, കെ.രാജഗോപാലന്‍ എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, സെക്രട്ടറി ഇ.പി രാജ് മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.വി ശ്രീനിവാസന്‍, മീഡിയാകമ്മിറ്റി കണ്‍വീനര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."