സാത്വികനായ പണ്ഡിതന്‍
#പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
തസ്വവ്വുഫിന്റെ മേഖലയില്‍ വലിയ സേവനങ്ങള്‍ ചെയ്ത അത്യപൂര്‍വ വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ ഉസ്താദ്. 1979ലാണ് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെ ആദ്യമായി കണ്ടുമുട്ടുന്നത്. എന്റെ ആദ്യ യു.എ.ഇ യാത്രയിലായിരുന്നു അത്. ശേഷം അദ്ദേഹത്തിന്റെ പ്രവാസ ജീവിതകാലത്തു തന്നെ ഒട്ടേറെ തവണ ബന്ധപ്പെടാനും പരസ്പരം സഹകരിച്ച് വിവിധ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കാനും അവസരമുണ്ടായി. അദ്ദേഹം നാട്ടില്‍ സ്ഥിരമായ ശേഷം സംഘടനാ രംഗത്തും സ്ഥാപനങ്ങളുടെ വിഷയങ്ങളിലും നിരന്തര ബന്ധം നിലനിര്‍ത്താനും സാധിച്ചു.
ജീവിത പരിത്യാഗത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. തന്നിലേക്ക് വന്നുചേരുന്ന സമ്പത്ത് ആവശ്യക്കാരിലേക്ക് പകര്‍ന്നുനല്‍കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതരീതികള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്, തന്റെ ജീവിതത്തിലുടനീളം പ്രവാചകചര്യ മുറുകെപ്പിടിച്ച് തിരുചര്യ പുനരുജ്ജീവിപ്പിക്കാന്‍ പരിശ്രമിച്ച ഒരു സാത്വിക പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള സഹവാസം തിരുചര്യയുടെ നേര്‍സാക്ഷ്യം ബോധ്യപ്പെടുത്തുന്നതായിരുന്നു.
പ്രവാസ ജീവിതകാലത്ത് യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന നമ്മുടെ നാട്ടുകാര്‍ക്ക് ആത്മീയ സുകൃതമായിരുന്നു അദ്ദേഹം. അറബികളടക്കം വലിയ ശിശ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സമസ്തയെ ശക്തിപ്പെടുത്താന്‍ വലിയ ഉത്സാഹം കാണിച്ചു. അഹ്‌ലു ബൈത്തിനോടുള്ള അദ്ദേഹത്തിന്റെ സമീപനം മാതൃകാപരവും അനുകരണീയവുമായിരുന്നു. തസ്വവ്വുഫിന്റ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും വിദ്യാഭ്യാസ സമുച്ചയങ്ങള്‍ സ്ഥാപിക്കാനും മതഭൗതിക വിദ്യാഭ്യാസ രംഗത്തു സജീവ ഇടപെടലുകള്‍ക്കും മഹാനവര്‍കള്‍ സമയം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."