ഗുജറാത്ത് രാഷ്ട്രീയത്തിലെ ശത്രുക്കള്‍
അഹമ്മദാബാദ്: ഗുജറാത്ത് രാഷ്ട്രീയത്തില്‍ അമിത്ഷായും അഹമ്മദ് പട്ടേലും ശത്രുക്കള്‍ തന്നെയാണ്. 1996ല്‍ ഗുജറാത്തിലെ സുരേഷ് മേത്തയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ വീഴ്ത്തിയത് അഹമ്മദ് പട്ടേലായിരുന്നു. ശങ്കര്‍ സിങ് വഗേലയെ ബി.ജെ.പിയില്‍ നിന്ന് അടര്‍ത്തി കോണ്‍ഗ്രസ് പിന്തുണയില്‍ സര്‍ക്കാരുണ്ടാക്കി. 20 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ വഗേലയെ തന്നെ പട്ടേലിനെ വീഴ്ത്താനായി അമിത് ഷാ കൂട്ടുപിടിച്ചു.
വഗേലയടക്കം ഏഴുപേരെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയതോടെ അപകടം മണത്ത പട്ടേല്‍ മറുതന്ത്രത്തിന് തുടക്കമിട്ടു. നിലവില്‍ ഗുജറാത്തിന്റെ ചുമതലയുള്ള അംബികാ സോണിയെ മാറ്റി മുന്‍രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് ഗുജറാത്തിന്റെ ചുമതല നല്‍കി. പട്ടേലിന്റെ വിശ്വസ്തനായ ഗലോട്ടുമായി ചേര്‍ന്ന് തന്ത്രങ്ങള്‍ തുടങ്ങി.
ഇതിനിടയില്‍ വെള്ളപ്പൊക്കദുരിതത്തില്‍ അകപ്പെട്ടവരെ തിരിഞ്ഞുനോക്കാതെ എം.എല്‍.എമാരെല്ലാം ബംഗളൂരുവില്‍ സുഖവാസത്തിലാണെന്ന പ്രചാരണം ബി.ജെ.പി തുടങ്ങി. ആരോപണത്തെ തടയിടാന്‍ രാഹുല്‍ ഗാന്ധി തന്നെ മറുമരുന്നായി ഗുജറാത്തില്‍ എത്തി. ഇതിനിടയില്‍ തിരശീലക്ക് പിന്നില്‍ കളിച്ച ക്യാപ്റ്റന്‍ നേരിട്ട് കളത്തിലിറങ്ങി.
തോല്‍വിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് ഗുജറാത്തില്‍ മത്സരിക്കേണ്ടെന്ന് പട്ടേലിനെ ചിലര്‍ ഉപദേശിച്ചു. ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്താമെന്നായിരുന്നു ചിലരുടെ വാഗ്ദാനം. അതെല്ലാം നിരസിച്ചാണ് അദ്ദേഹം ഗുജറാത്തില്‍ തന്നെ നിലയുറപ്പിച്ചത്. താനും അമിത്ഷായും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇതെന്നായിരുന്നു പട്ടേല്‍ പറഞ്ഞത്. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലരെ രാജിവയ്പിക്കുകയും വീണ്ടും കോണ്‍ഗ്രസിനെ പിളര്‍ത്തുമെന്നും ബി.ജെ.പി ഭീഷണിമുഴക്കിയപ്പോഴാണ് റിസോര്‍ട്ട് വാസത്തിന്റെ എപ്പിസോഡിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് എം.എല്‍.എമാര്‍ ബംഗളൂരിലേക്ക് പറന്നത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരം എം.എല്‍.എമാരുടെ സുരക്ഷാ ചുമതല കോണ്‍ഗ്രസിന്റെ എ.ടി.എം എന്ന് വിളിക്കുന്ന മന്ത്രി ഡി.കെ ശിവകുമാറിന്റെ കൈകളിലായി.
സിംഗപൂര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരം ശിവകുമാര്‍ ബംഗളൂരുവിലെത്തി ദൗത്യം ഏറ്റെടുത്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ശിവകുമാറിനെ വളഞ്ഞു. റെയ്ഡും പരിശോധനയും എല്ലാം കൊണ്ടും ശിവകുമാറിനെ സമ്മര്‍ദത്തിലാക്കിയെങ്കിലും കോണ്‍ഗ്രസ്, പ്രത്യേകിച്ചും അഹമ്മദ് പട്ടേല്‍ മുട്ടു മടക്കാന്‍ തയാറായില്ല.
രാഹുല്‍ ബ്രിഗേഡില്‍ പോലും പട്ടേല്‍ സര്‍വസമ്മതനായി എന്നതാണ് ശ്രദ്ധേയം
കോണ്‍ഗ്രസ് പ്രതിസന്ധിയിലായപ്പോഴെല്ലാം പട്ടേല്‍ കളത്തിലിറങ്ങി കളിച്ചപ്പോഴെല്ലാം വിജയം വരിച്ചിട്ടുണ്ട്. തങ്ങളുടെ പക്ഷത്തുള്ള ചില എം.എല്‍.എമാര്‍ മറുകണ്ടം ചാടിയേക്കുമെന്ന അപകടം തിരിച്ചറിഞ്ഞ പട്ടേല്‍ അതിന് മുന്‍പായി എന്‍.സി.പി, ജെ.ഡി.യു എം.എല്‍.എമാരുടെ സഹായം ഉറപ്പാക്കി.
കൂടാതെ ശത്രുപക്ഷത്തുനിന്ന് ഒരംഗത്തെകൂടി അടര്‍ത്തി ബി.ജെ.പിയെ ഞെട്ടിക്കുകയും ചെയ്തു. ഗുജറാത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് ആവേശം പകരുന്നതാണ് ഗുജറാത്തിലെ പട്ടേലിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."