ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയത് വിവാദത്തില്‍; നഗരസഭാധ്യക്ഷയും വൈസ് ചെയര്‍മാനും തമ്മില്‍ ശീതയുദ്ധം
തളിപ്പറമ്പ്: ധര്‍മശാല പറശ്ശിനിക്കടവ് റോഡിലെ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയത് വിവാദമാകുന്നു. പരസ്യം വച്ചു എന്നതാണ് പൊളിച്ചു നീക്കുന്നതിന് ആന്തൂര്‍ നഗരസഭ പറയുന്ന ന്യായീകരണം. എന്നാല്‍ പൊളിച്ചു നീക്കിയ ഷെല്‍ട്ടറിനൊപ്പം തന്നെ ദേശീയപാതയോരത്ത് നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ വൈസ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു എന്നതുകൊണ്ട് മാത്രമാണ് പൊളിച്ചുനീക്കിയതെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. ബുധനാഴ്ച വൈകിട്ടാണു കരാറുകാര്‍ ബസ് ഷെല്‍ട്ടര്‍ പൊളിച്ചു നീക്കിയത്. ബസ് ഷെല്‍ട്ടര്‍ നീക്കിയിതിനെ ചൊല്ലി നഗരസഭാധ്യക്ഷയും വൈസ് ചെയര്‍മാനും തമ്മില്‍ ശീതയുദ്ധത്തിലാണ്.
വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന ചെയര്‍പേഴ്‌സണ്‍ ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നും വൈസ് ചെയര്‍മാനെ അനുകൂലിക്കുന്ന ഭരണകക്ഷിയിലെ ഒരുവിഭാഗം പറയുന്നു. ഇത് കണക്കിലെടുക്കാതെ പലവികസനപ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിലൂടെ വൈസ് ചെയര്‍മാന്‍ ജനകീയനാക്കുന്നതാണ് ഇപ്പോള്‍ ചെയര്‍പേഴ്‌സനെ ചൊടിപ്പിച്ചിരിക്കുന്നതെന്നും ഇതിന്റെ പ്രതികാരനടപടിയായാണ് ഷെല്‍ട്ടര്‍ പൊളിച്ചു നീക്കലിനു പിന്നിലുളളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചെയര്‍പേഴ്‌സണും വൈസ്‌ചെയര്‍മാനും തമ്മിലുള്ള തര്‍ക്കത്തില്‍ നഗരസഭാ ഭരണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉത്തരവാദി ചെയര്‍പേഴ്‌സണ്‍ ആണെന്നും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എന്‍ ആന്തൂരാന്‍ പ്രസ്താവനയില്‍ പറഞ്ഞു. തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനും അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനോ താല്‍പര്യം കാണിക്കാത്തയാളാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."