ഭിന്നശേഷി വിദ്യാര്‍ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നതായി പരാതി
കോഴിക്കോട്: കോളജ് അധികൃതരുടെ അവഹേളനത്തെ തുടര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നതായി പരാതി.
കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയും പാലക്കാട് ചെമ്പൈ സംഗീത കോളജിലെ ഒന്നാം വര്‍ഷ വയലിന്‍ വിദ്യാര്‍ഥിയുമായ പി.കെ ചഞ്ചലിനാണ് സംഗീതാധ്യാപകന്റെയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും മാനസിക പീഡനത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. കാഴ്ചശക്തിയില്ലാത്ത ചഞ്ചല്‍ 2018 ജൂണ്‍ 26നാണ് ചെമ്പൈ സംഗീത കോളജില്‍ ചേര്‍ന്നത്. കോഴ്‌സിന് അപേക്ഷിക്കുമ്പോള്‍ വയലിന്‍ ആദ്യ ഓപ്ഷനായി നല്‍കി.
എന്നാല്‍ ഈ സീറ്റില്‍ ഒഴിവുണ്ടായിട്ടും വോക്കലിലാണ് പ്രവേശനം നല്‍കിയത്. വയലിന്‍ അധ്യാപകന് ഭിന്നശേഷിക്കാരനെ പഠിപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണ് വോക്കലിലേക്ക് മാറ്റിയതെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഒരുമാസത്തിനു ശേഷം വയലിന്‍ കോഴ്‌സിലേക്ക് മാറ്റുകയായിരുന്നു.
കോഴ്‌സിനു ചേര്‍ന്നതു മുതല്‍ വയലിനധ്യാപകനായ അനൂപ് മാനസികമായി പീഡിപ്പിക്കുകയും അവഹേളിച്ചിരുന്നതായും ചഞ്ചല്‍ പറയുന്നു. കൈപ്പിടിച്ച് വയലിന്‍ പഠിപ്പിക്കാനോ ഒന്നും ശ്രമിച്ചിരുന്നില്ല. മറ്റുള്ളവരോട് ചോദിച്ച് പഠിക്കാനായിരുന്നു അധ്യാപകന്റെ നിര്‍ദേശം. കൂടാതെ ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് കാഴ്പരിമിതിയെക്കുറിച്ച് പറഞ്ഞ് പരിഹസിച്ചിരുന്നതായും തുടര്‍ന്ന് രണ്ടു തവണ ക്ലാസില്‍ തലക്കറങ്ങി വീണതായും ചഞ്ചല്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും രക്ഷിതാക്കളായ തങ്ങളെ അറിയിച്ചില്ലെന്ന് ചഞ്ചലിന്റെ പിതാവ് പി.കെ ചന്തുക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹപാഠികളില്‍ നിന്നും വിവരം അറിഞ്ഞ ശേഷം കോളജില്‍ പോവുകയും ഭിന്നശേഷിക്കാരനായ മകന് പരിഗണന നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ അധ്യാപകരുടെ ഭാഗത്തു നിന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
അധ്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെ ചഞ്ചല്‍ വയലിന്‍ പഠനം ഉപേക്ഷിച്ചിരിക്കയാണ്. വീണ്ടും അതേ കോളജില്‍ പഠിക്കാന്‍ ഭയമുണ്ടെന്നും ചഞ്ചല്‍ പറയുന്നു. മറ്റെല്ലാ അധ്യാപകരും നല്ല രീതിയില്‍ പെരുമാറുമ്പോള്‍ തന്റെ വയലിന്‍ അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും പെരുമാറ്റം ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുണ്ടായ അവഹേളനം തന്നെ മാനസികമായി തളര്‍ത്തിയെന്നും ചഞ്ചല്‍ പറഞ്ഞു.
മകനു നേരിട്ട അവഹേളനത്തിനും പഠിപ്പു ഉപേക്ഷിക്കാന്‍ കാരണക്കാരായവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നവാശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ് ചഞ്ചലിന്റെ പിതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."