HOME
DETAILS

ഇന്ത്യക്ക് അഗ്നിപരീക്ഷ

  
backup
December 21 2018 | 20:12 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%97%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7

 

അബൂദബി: കുന്നോളം മോഹവുമായി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എ.എഫ്.സി കപ്പിന് ഇറങ്ങുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് ശക്തമായ പരീക്ഷണങ്ങള്‍. ചാംപ്യന്‍ഷിപ്പിന് 15 ദിവസം മുന്‍പേ ടീം ഇന്ത്യ യു.എ.ഇയില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഓരോ മത്സരവും കടുത്തതാകും. 24 പേരടങ്ങുന്ന ടീമില്‍ ബംഗളൂരു എഫ്.സി നായകന്‍ സുനില്‍ ഛേത്രി മാത്രമാണ് മികച്ച ഫോമിലുള്ളത്. ബാക്കി താരങ്ങളുടെയെല്ലാം പെര്‍ഫോമന്‍സ് സീസണില്‍ ആവറേജിനും താഴെ മാത്രം. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ഏറ്റവും മോശം ഫോമില്‍ തുടരുന്ന ക്ലബില്‍ നിന്നുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗവും. ജനുവരി അഞ്ചിന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇന്ത്യയാണ് ആദ്യം എത്തിയിട്ടുള്ളത്. ടൂര്‍ണമെന്റിന് മുന്‍പായി ഇന്ത്യ രണ്ട് സന്നാഹ മത്സരം കളിക്കും.
ഐ.എസ്.എല്ലില്‍ ഏറ്റവും അവസാന ടീമായ ചെന്നൈയിന്‍ എഫ്.സിയുടെ മുന്നേറ്റ താരം ജെജെക്ക് 11 മത്സരം പൂര്‍ത്തിയായപ്പോള്‍ ഒരു ഗോളോ അസിസ്റ്റോ സ്വന്തം പേരിലില്ല. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള എ.ടി.കെയുടെ ബല്‍വന്ത് സിങ് സീസണില്‍ 12 മത്സരം പൂര്‍ത്തിയായപ്പോള്‍ ഒരുഗോള്‍ മാത്രമാണ് സ്വന്തം പേരില്‍ കുറിച്ചത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവയുടെ മന്‍വീര്‍ സിങ് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് സീസണില്‍ നേടിയത്. ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷഡ്പുര്‍ എഫ്.സി താരം സുമീത് പസ്സി, ഏഴു മത്സരങ്ങളില്‍ രണ്ട് ഗോള്‍ നേടിയ ഫകറുദ്ദീന്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെടെ താരങ്ങളെല്ലാം ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ഇത്തരത്തില്‍ ദയനീയമായൊരു മുന്നേറ്റനിരയെവച്ച് ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് എത്രത്തോളം സ്വപ്നം കാണാനാവുമെന്നത് കാത്തിരുന്ന് തന്നെ കാണണം.
പ്രതിരോധനിരയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കാക്കുന്ന സന്ദേഷ് ജിങ്കന്‍, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന അനസ് എടത്തൊടിക എന്നിവരെല്ലാം ഫോമിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ ഇന്ത്യയുടെ ഏഷ്യാകപ്പ് മോഹങ്ങള്‍ക്ക് ചിറക് മുളയ്ക്കൂ.
പ്രതിരോധത്തിലെ നിറസാന്നിധ്യങ്ങളായ ജിങ്കനും അനസും ഉണ്ടായിട്ടും 20 ഗോളുകളാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വാങ്ങിക്കൂട്ടിയത്. സീസണില്‍ ഒറ്റജയം മാത്രമുള്ള ഡല്‍ഹിയുടെ പ്രീതം കോട്ടാല്‍, നാരായണ്‍ ദാസ് എന്നിവരും പ്രതിരോധ നിരയിലുണ്ട്. മധ്യനിരയില്‍ യുവതാരം അനിരുദ്ധ് ഥാപ്പ, ജര്‍മന്‍പ്രീത് സിങ്, വിനീത് റായ് എന്നിവരെ മോശം ഫോമില്‍നിന്ന് തിരിച്ചെത്തിച്ചേ മതിയാവു.
ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ജനുവരി ആറിന് തായ്‌ലന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. 10ന് അബൂദബിയില്‍ യു.എ.ഇയുമായി കൊമ്പുകോര്‍ക്കും. ഷാര്‍ജയില്‍ 14ന് ബഹ്‌റൈനുമായിട്ടാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കുന്ന രണ്ട് സന്നാഹ മത്സരങ്ങള്‍ക്ക് ശേഷമാണ് 22 അംഗ ടീമിനെ പ്രഖ്യാപിക്കുക. മികച്ച ഫോമില്‍ നില്‍കുന്ന ജംഷഡ്പുര്‍ താരം സൂസൈരാജ്, ഈസ്റ്റ് ബംഗാളിന്റെ നട്ടെല്ലായി മാറിയ മലയാളി താരം ജോബി ജസ്റ്റിന്‍, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മധ്യനിരയില്‍ നിറഞ്ഞാടിയ സഹല്‍ അബ്ദുല്‍ സമദ് എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്.
ഇതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവിലെ ഫോമില്‍ നീലപ്പടക്ക് കൂടുതല്‍ സ്വപ്നം കാണാനൊന്നുമില്ലെങ്കിലും 14 ദിവസം കൊണ്ട് ലഭ്യമായ ഇലവനെ കൂടുതല്‍ ഒത്തിണക്കത്തോടെ ഒരുക്കാനായാല്‍ ചെറിയ നേട്ടങ്ങളുമായി ഛേത്രിക്കും സംഘത്തിനും തിരിച്ച് വരാം. മുന്‍ചാംപ്യന്‍മാരായ ആസ്‌ത്രേലിയ, അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തുന്ന സഊദി അറേബ്യ, ഇറാന്‍, ബഹ്‌റൈന്‍ ടീമുകളെല്ലാം ഏറ്റവും മികച്ച കാല്‍പന്തുകളി സംഘവുമായാണ് എത്തുന്നത്.
ഇതുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയുടെ നില എത്രത്തോളം ഭദ്രമെന്ന് കണ്ടറിയണം. ലോകകപ്പ് താരങ്ങളെ ഉള്‍പ്പെടുത്തി ഏറ്റവും മികച്ച അന്തിമ ടീമിനെയാണ് സഊദി പ്രഖ്യാപിച്ചത്. ഇറാനും ലോകകപ്പ് താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ടീം തയാറാക്കിയത്. ഈ കരുത്തന്മാരെയെല്ലാം മറികടക്കണമെങ്കില്‍ ഇന്ത്യക്ക് ഏറ്റവും മികച്ച രീതിയില്‍ ഒരുങ്ങിയേ മതിയാകൂ.

 Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."