പറവണ്ണയില്‍ ഓട്ടോറിക്ഷകള്‍ക്ക് തീയിട്ട സംഭവം: അന്വേഷണ നടപടികള്‍ തുടങ്ങി
തിരൂര്‍: പറവണ്ണയിലും പരിസരങ്ങളിലുമായി ഓട്ടോറിക്ഷകള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ തിരൂര്‍ പൊലിസ് അന്വേഷണ നടപടികള്‍ തുടങ്ങി. കേസിലെ നടപടികള്‍ അവലോകനം ചെയ്യാന്‍ ഡിവൈ.എസ്.പി ബിജുഭാസ്‌ക്കറിന്റെ അധ്യക്ഷതയില്‍ ഇന്നലെ വൈകീട്ട് പൊലിസ് യോഗം ചേര്‍ന്നു. വാഹനങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന ആരോപണമുയരുകയും സമാനസംഭവം തുടര്‍ച്ചയായി ഉണ്ടായിട്ടും പൊലിസ് പ്രതികളെ പിടികൂടിയില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡി.വൈ.എസ്.പി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചത്. എന്നാല്‍ അന്വേഷണ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പറവണ്ണയില്‍ പൊലിസിന്റെ ഉദ്യോഗസ്ഥന്റെ ബൈക്കും പിന്നീട് ഓട്ടോകളും രാത്രിയില്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഒടുവിലായാണ് പറവണ്ണ എം.ഇ.എസ് ആശുപത്രിയ്ക്ക് സമീപം അഞ്ച് ഓട്ടോകള്‍ അഗ്നിക്കിരയാക്കിയത്.
ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഓട്ടോ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായണ് അഞ്ച് ഓട്ടോകള്‍ക്കെതിരേ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ പാര്‍ട്ടി നേത്യത്വങ്ങള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. സംയമനം പാലിക്കാന്‍ സി.പി.എം-മുസ്‌ലിം ലീഗ് ജില്ലാനേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നാണ് സൂചന. അതിനാല്‍ പൊലിസും കരുതിയാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം സി.പി.എം അനുഭാവികളായ തിത്തീരത്തിന്റെ പുരക്കല്‍ യഹിയ, അഞ്ചാംമഠത്തില്‍ ഹാരിസ് ,തിത്തീരത്തിന്റെ പുരക്കല്‍ യൂനസ്, കമ്മാക്കന്റെ പുരക്കല്‍ ജലീല്‍, തിത്തീരത്തിന്റെ പുരക്കല്‍ കോയ എന്നിവരുടെ ഓട്ടോകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."