നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചരക്കുകള്‍ ഇറക്കുന്നതിനുള്ള സൗകര്യം ഒരുക്കി
നിലമ്പൂര്‍: മലപ്പുറം ജില്ലയിലെയും വയനാട് ജില്ലയിലെയും തമിഴ്‌നാട്ടിലെ ഗൂഡലൂര്‍ മേഖലയിലേയും ചരക്കു നീക്കത്തിന് ഗുണകരമാകാന്‍ നിലമ്പൂരിലെ റെയില്‍വെ സ്റ്റേഷനില്‍ സൗകര്യമൊരുങ്ങി. സിമന്റ്, വളം തുടങ്ങിയവയുടെ ചരക്കു നീക്കത്തിനായാണ് സതേണ്‍ റെയില്‍വെയിലെ പാലക്കാട് ഡിവിഷനു കീഴിലുള്ള നിലമ്പൂര്‍ റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ ഇവ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
ചെലവു കുറഞ്ഞ ചരക്കുനീക്കത്തിനും ഈ രംഗത്ത് പുതിയ മാറ്റം തന്നെ സൃഷ്ടിക്കാനും ഉതകുന്ന സംരഭമാണ് റെയില്‍വെ ഇതിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. 20 വാഗണുകള്‍ക്ക് ഒരേ സമയം നിര്‍ത്തി ചരക്കിറക്കുന്നതിനുള്ള സൗകര്യമാണ് 3.69 കോടി രൂപ ചെലവിട്ടു നിര്‍മിച്ചിട്ടുള്ള ഗുഡ്‌സ് ഷെഡിലും അനുബന്ധ പ്രവര്‍ത്തികളിലുമുള്ളത്. 400 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉള്ള കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോമില്‍ ചരക്കിറക്കാനും കയറ്റാനുമുള്ള സൗകര്യവുമുണ്ട്.
റോഡില്‍ നിന്നും വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാവും വിധമാണ് 400 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് റോഡ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
1200 ചതുരശ്രയടി വരുന്ന ഗുഡ്‌സ് ഷെഡിനോടു ചേര്‍ന്ന് എഫ്.ഒ.ഐ.എസ് (ഫ്രൈറ്റ് ഓപ്പറേഷന്‍സ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) ഓഫീസ്, ക്ലിയറിംഗ്, ഫോര്‍വേഡിംഗ് എജന്റുമാര്‍ക്കുള്ള ഓഫിസ്, തൊഴിലാളികള്‍ക്കുള്ള വിശ്രമ സ്ഥലം എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."