മോട്ടോര്‍വാഹന വകുപ്പിന്റെ ചൂഷണത്തിനെതിരേ സമരം ശക്തമാക്കുമെന്ന്
കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ മറിവില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് സംസ്ഥാനത്തെ ടോറസ്, ടിപ്പര്‍ ഡ്രൈവര്‍മാര്‍ നടത്തിവരുന്ന അനശ്ചിതകാല സമരം ശക്തമാക്കുവാന്‍ തീരുമാനിച്ചതായി ഓള്‍ കേരള ഹെവി എക്യൂപ്‌മെന്റ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. അമിതഭാരം കയറ്റുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ നടത്തുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റയുമായ കെ.കെ ഇബ്രാഹിംകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലോഡുമായി വരുന്ന ലോറികള്‍ വഴിയരികില്‍ തടഞ്ഞു നിര്‍ത്തി അമിതഭാരം കയറ്റിയെന്നാരോപിച്ച് ഡ്രൈവര്‍മാരില്‍ നിന്ന് പതിനായിരകണക്കിന് രൂപ പിഴയീടാക്കുന്നതിന് പുറമേ പലരുടെയും ലൈസന്‍സ് അന്യായമായി റദ്ദ് ചെയ്യുന്ന ഘട്ടത്തിലാണ് സമരം നടത്തുവാന്‍ തീരുമാനിച്ചത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കാക്കനാട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും സംഘടന അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ഷിബു മലയില്‍, വൈക്കം നസീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."