സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിലച്ചു: രമേശ് ചെന്നിത്തല
പറവൂര്‍: പ്രളയം കഴിഞ്ഞിട്ടു നാലു മാസം കഴിഞ്ഞെങ്കിലും ദുരിതമനുഭവിച്ച ജനങ്ങള്‍ക്കു ഒരു സഹായവുമെത്തിച്ചു കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പറവൂരില്‍ നടന്ന പ്രളയ ദുരന്തബാധിതരുമായിട്ടുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. പ്രളയമേഖലകളിലെ ജനങ്ങള്‍ വ്യാപക പരാതികളുമായി കാത്തു നില്‍ക്കുന്നു.
പ്രളയ ദുരന്തത്തില്‍ എത്രയൊക്കെ നാശനഷ്ടങ്ങളുണ്ടായെന്നത് സംബന്ധിച്ചു സര്‍ക്കാരിന്റെ കൈയ്യില്‍ ഒരു കണക്കുമില്ല. വിവിധ കണക്കുകളാണ് സര്‍ക്കാര്‍ പലയിടങ്ങളിലായി അവതരിപ്പിച്ചത്.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പു പൂര്‍ണ്ണമായും തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു .പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ മൂന്നു കാര്യങ്ങളാണ് യു.ഡി.എഫ് നിര്‍ദ്ദേശിച്ചത്.പ്രളയത്തെ കുറിച്ചു ഒരു ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. അത്തരത്തിലൊരു അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഭാവിയില്‍ പ്രളയമുണ്ടായാല്‍ എങ്ങിനെ പ്രതിരോധിയ്ക്കണമെന്നറിയാന്‍ കഴിയുമായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനായി പ്രത്യേക അക്കൗണ്ടു തുടങ്ങണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം.
വീടുതാമസ യോഗ്യമല്ലാതായവരെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്കു കെട്ടിടങ്ങളെടുത്തു താല്ക്കാലികമായി പുനരധിവസിപ്പിയ്ക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്ന പ്രഖ്യാപനവും പാഴായി. ചെറുകിട കചവടക്കാര്‍ക്കു 10 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്നും വായ്പ ലഭ്യമാക്കുമെന്നതും നടപ്പിലായില്ലെന്നും ചെന്നിത്തല പറഞ്ഞു. ദുരിതബാധിതരെ സഹായിയ്ക്കാന്‍ സര്‍ക്കാരിനെ ആശ്രയിയ്ക്കാതെ സ്വന്തം നിലയില്‍ പ്രവര്‍ത്തനം നടത്തുന്ന വി.ഡി.സതീശനെ പ്രതിപക്ഷനേതാവു അനുമോദിച്ചു. വി.ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി.ജെ പൗലോസ്, കെ.പി.
ധനപാലന്‍, വത്സല പ്രസന്നകുമാര്‍, ഐ.കെ.രാജു, അജയ് തറയില്‍, മുഹമ്മദ് ഷിയാസു ,പി.വി.ലാജൂ, ജോസഫ് ആന്റണി, കൊച്ചുത്രേസ്യ ജോയ്, എം.ജെ രാജു, ബാബു മാത്യൂ, പി.ആര്‍.സൈജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രികളടക്കം നൂറുകണക്കിനാളുകളാണ് പരാതികളുമായി പ്രതിപക്ഷ നേതാവിനെ കാണാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."