ലോക്‌സഭ 14 ബില്ലുകള്‍ പാസാക്കി, പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയത്തില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
രാജ്യത്തിന് പുതിയ പ്രഥമപൗരനേയും രാജ്യസഭയ്ക്ക് പുതിയ അധ്യക്ഷനേയും തിരഞ്ഞെടുത്തത് ഈ സഭാസമ്മേളന കാലയളവിലാണെന്ന പ്രത്യേകതയുമുണ്ട്.
രാജ്യസഭയില്‍ 10 അംഗങ്ങള്‍ക്ക് യാത്രയയപ്പും രണ്ട് അംഗങ്ങള്‍ക്ക് വരവേല്‍പ്പും നല്‍കിയാണ് രാജ്യസഭ പിരിഞ്ഞത്. ഈ സഭാസമ്മേളനത്തില്‍ ലോക്‌സഭയില്‍ 14 ബില്ലുകള്‍ പാസാക്കുകയും 17 ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഇക്കാലയളവില്‍ രാജ്യസഭയില്‍ ഒന്‍പത് ബില്ലുകള്‍ പാസാക്കി. 26 ദിവസങ്ങളിലായി 19 സിറ്റിങ്ങുകളാണ് നടന്നത്. ലോക്‌സഭയില്‍ 77.94 ശതമാനവും രാജ്യസഭയില്‍ 79.95 ശതമാനവും സമയം സഭകള്‍ സമ്മേളിച്ചുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
പി.ആര്‍.എസ് ലജിസ്ലേറ്റീവ് റിസേര്‍ച്ച് വിഭാഗത്തിന്റെ കണക്കു പ്രകാരം ലോക്‌സഭയില്‍ നിശ്ചിത സമയത്തിന്റെ 67 ശതമാനവും രാജ്യസഭയില്‍ 72 ശതമാനം സമയവും മാത്രമെ സഭ സമ്മേളിച്ചിട്ടുള്ളുവെന്നാണ്.
പ്രത്യേകം മാറ്റിവച്ച രണ്ടു ബില്ലിന് പുറമെ, ഒന്‍പത് ബില്ലുകള്‍ പാസാക്കുകയും 15 ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തുവെന്നാണ് പി.ആര്‍.എസ് വ്യക്തമാക്കുന്നത്.
ലോക്‌സഭയില്‍ വ്യത്യസ്ത വിഷയങ്ങളിലായി മന്ത്രിമാര്‍ 41 പ്രസ്താവനകള്‍ നടത്തുകയും, 1217 റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കുകയും ചെയ്തു.
ഒരു സ്വകാര്യ അംഗബില്ലും ഒരു പ്രമേയവും ലോക് സഭ ചര്‍ച്ച ചെയ്തു. വിവിധ പ്രതിഷേധങ്ങള്‍ കാരണം സഭ നിര്‍ത്തിവച്ചത് മൂലം 30ഓളം മണിക്കൂര്‍ ലോക്‌സഭയ്ക്ക് നഷ്ടമായെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു.
കുട്ടികളുടെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ രണ്ടാം ഭേദഗതി ലോക്‌സഭയില്‍ ഇന്നലെ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."