യശോദയും കുടുംബവും 'ദുരിത ഭവനത്തില്‍ '
ബദിയടുക്ക: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷനിലും തഴഞ്ഞതോടെ കുംബഡാജെ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസക്കാരിയായ യശോദയും കുടുംബവും 'ദുരിത ഭവന'ത്തില്‍. കുംബഡാജെ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പരേതനായ നാരായണന്റെ ഭാര്യ യശോദയാണ് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുവാനുള്ള കാത്തിരിപ്പു തുടരുന്നത്. തീരെ സൗകര്യമില്ലാത്ത ഒറ്റമുറി വീടിലാണു യശോദയും കുടുംബവും താമസിക്കുന്നത്.
അന്തിയുറങ്ങാന്‍ നല്ലൊരു വീടിനുള്ള ധനസഹായത്തിനു വേണ്ടി വര്‍ഷങ്ങളുടെ കാത്തിരിപ്പു തുടരുകയാണ് ഇപ്പോഴും ഈ വീട്ടമ്മ. നാലു വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ ഭവന നിര്‍മാണത്തിനുള്ള അപേക്ഷ ക്ഷണിക്കുമ്പോഴൊക്കെ പൂരിപ്പിച്ച് അപേക്ഷ നല്‍കും.
ഗ്രാമസഭകളിലും പേര് വിളിച്ചു പറയുമെങ്കിലും ധനസഹായം മാത്രം ലഭിച്ചില്ല. പതിവു മുടങ്ങാതെ ഈ വര്‍ഷവും അപേക്ഷ നല്‍കിയെങ്കിലും പട്ടികക്കു പുറത്തു തന്നെ.
അസുഖം ബാധിച്ചു കിടപ്പിലായ നാരായണന്റെ ചികിത്സക്കായി വന്‍തുക ചെലവഴിച്ച യശോദ ഭര്‍ത്താവിന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെടുകയാണുണ്ടായത്. ഒരു മകന്‍ വിവാഹം കഴിച്ചു വേറെയാണു താമസം.
കഴിഞ്ഞ നാലു വര്‍ഷം നല്‍കിയ അപേക്ഷ കാണാനില്ലെന്നു പറഞ്ഞു അധികൃതര്‍ വിധവയായ യശോദയെ മടക്കി അയക്കുകയാണു ചെയ്തത്. ആരോടും പരാതിയും പരിഭവവുമില്ലാതെ ഈ വര്‍ഷം വീണ്ടും അപേക്ഷ നല്‍കി.
സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതി വഴി യശോദക്കു ധനസഹായത്തിനുള്ള അര്‍ഹതയുണ്ടായിട്ടും ഇവരെ അധികൃതര്‍ തഴയുകയാണെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."