ആര്‍ദ്രം: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന്
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വര്‍ക്കല ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 14 ജില്ലകളിലായി 35 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 17ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ശേഷിക്കുന്നവ ഡിസംബര്‍ 31 നകം കുടുംബാരോഗ്യ കേന്ദ്ര പദവി കൈവരിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു കുടുംബാരോഗ്യ കേന്ദ്രം ഉറപ്പുവരുത്തുമെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദവും ശുചിത്വമുള്ളതും മെച്ചപ്പെട്ട സൗകര്യങ്ങളുമുള്ളതാക്കി മാറ്റി പൊതുജനാരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ദ്രം മിഷന് നടപ്പാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നാഴികക്കല്ലായിരിക്കും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്, കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."