അമ്പലപ്പാറയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: പ്രതി റീന ജോയ്സ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: അമ്പലപ്പാറ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ പൊലിസുമായി ഏറ്റുമുട്ടിയ സംഭവത്തിലെ പ്രതികളിലൊരാളായ റീന ജോയ്സ് അറസ്റ്റില്‍.
തമിഴ്നാട്ടില്‍ അറസ്റ്റിലായ റീന ജോയ്സിനെ ഇന്നലെ രാവിലെ 11 മണിയോടെ പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് ചെയ്ത റീന ജോയ്സിനെ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറയില്‍ പൊലിസുമായി ഏറ്റുമുട്ടിയ കേസിലാണ് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
2015 നവംമ്പര്‍ 29നാണ് മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറ പള്ളിശ്ശേരി വനമേഖലയില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായത്. 28ന് പള്ളിശ്ശേരിയിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി എന്ന വിവരത്തെ തുടര്‍ന്ന് അഗളി സി.ഐയുടെയും തണ്ടര്‍ബോള്‍ട്ട് ചുമതല വഹിച്ചിരുന്ന ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രണ്ട് സ്ത്രീകളുള്‍പ്പെടെയുളള നാലംഗ സായുധസംഘം പൊലിസിനെതിരേ വെടിവെയ്പ് നടത്തിയത്.വിക്രം ഗൗഡ, റീന ജോയ്സ്, വയനാട് സോമന്, പ്രഭ എന്ന് സംശയിക്കുന്ന മറ്റൊരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നുവെന്നാണു പൊലിസ് നിഗമനം. ഇവര്‍ക്കെതിരേ പൊലിസ് അന്ന് തന്നെ കേസെടുത്തിരുന്നു.
തമിഴ്നാട്ടിലെ കരൂര്‍ വെങ്കമേട് കണക്കപ്പള്ള തെരുവില്‍ നിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റീന ജോയ്സ് 2007 മുതല്‍ തമിഴ്നാട്ടില്‍ നിന്ന് അപ്രത്യക്ഷ്യമായിരുന്നുവെന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. റീന ജോയ്സ് ആയുധപരിശീലനം നേടിയ മാവോവാദിയാണെന്നും പൊലിസ് പറഞ്ഞു. റീന ജോയ്സിനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."