കാംപസുകളില്‍ തുറക്കപ്പെടുന്ന പുതുജനാധിപത്യ ഇടങ്ങള്‍
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ കാംപസുകള്‍, പ്രത്യേകിച്ച് പൊതു സര്‍വകലാശാലാ കാംപസുകള്‍ പ്രക്ഷോഭമുഖരിതമാണ്. വലതുപക്ഷ ഹിന്ദുത്വ പാര്‍ട്ടിയുടെ അധികാരപ്രവേശത്തോടൊപ്പം ബി.ജെ.പി സാംസ്‌കാരിക ദേശീയത അടിച്ചേല്‍പിക്കാന്‍ ശ്രമമാരംഭിച്ചതും ഇന്ത്യന്‍ കാംപസുകളില്‍ നടന്നുകൊണ്ടിരുന്ന വലിയ മാറ്റങ്ങളെ തീവ്രമാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തെ മാനിക്കാതെ സര്‍വകലാശാലാ ഭരണ-അക്കാദമിക രംഗങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടാന്‍ തുടങ്ങിയതോടെ രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
എല്ലായിടത്തും വിദ്യാര്‍ഥി സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ സര്‍വകലാശാലാ ഭരണകൂടം പരിശ്രമിക്കുന്ന വാര്‍ത്ത നിരാശാജനകമാണെങ്കിലും അവിടങ്ങളിലെല്ലാം പ്രതീക്ഷാഭരിതമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നു വേണം കരുതാന്‍. സര്‍വകലാശാലകള്‍ വേട്ടയാടപ്പെടുന്നതിനു പിന്നിലുള്ള പ്രധാന കാരണം തന്നെ അതിനകത്തു നടക്കുന്ന അത്തരം ശുഭകരമായ കാര്യങ്ങളാണ്. തത്വത്തില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ള യഥാര്‍ഥ ജനാധിപത്യ ഇടങ്ങളായുള്ള സര്‍വകലാശാലകളുടെ വളര്‍ച്ച തന്നെയാണ് അക്കാര്യം. വിദ്യാര്‍ഥി സമൂഹത്തിനിടയിലെ വൈവിധ്യവല്‍ക്കരണം എന്ന ഒരു നിശബ്ദ വിപ്ലവം സര്‍വകലാശാലാ കാംപസുകളില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ദീര്‍ഘകാലമായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരേണ്യവര്‍ഗങ്ങളുടെ മാത്രം വിഹാരകേന്ദ്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപകമായതോതിലുള്ള പ്രസരണമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും സംവരണം അടക്കമുള്ള നടപടികളുമാണ് അതിനു കാരണമായത്. സംവരണ തത്വങ്ങളുടെ പ്രായോഗികവല്‍ക്കരണം അതുവരെ പുറന്തള്ളപ്പെട്ടു കഴിഞ്ഞിരുന്ന വിഭാഗങ്ങള്‍ക്ക് പൊതു സര്‍വകലാശാലകളില്‍ ഇടം കണ്ടെത്താന്‍ അവസരമൊരുക്കി. തത്വത്തിലത് സര്‍വകലാശാലകളെ എല്ലാവര്‍ക്കും പ്രവേശനമുള്ള സമത്വ ഇടങ്ങളാക്കി മാറ്റി. ഒരു തരത്തിലുമുള്ള സാമൂഹിക മൂലധനമില്ലാതിരുന്ന വിഭാഗങ്ങളുടെ സാമൂഹിക ചലനാത്മകതയുടെ ഒരേയൊരു മാര്‍ഗമായ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം സമൂഹത്തിലെ കീഴാള വിഭാഗങ്ങള്‍ക്ക് ഏറെ സഹായകമായി.
പൊതു സര്‍വകലാശാലകള്‍ സാമൂഹിക അജന്‍ഡകളുടെ ഭാവി തീരുമാനിക്കപ്പെടുന്ന നിര്‍ണായക ഇടങ്ങളാണെന്നും ഒരു ജനാധിപത്യ ജനായത്ത സമൂഹമെന്ന നിലക്ക് നമുക്ക് എന്തെങ്കിലും ഭാവിയുണ്ടോയെന്ന് ആ അജന്‍ഡകളാണ് നിര്‍ണയിക്കുന്നതെന്നും സതീഷ് ദേശ്പാണ്ഡെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. കീഴാള വിദ്യാര്‍ഥികളുടെ പങ്കാളിത്തമുള്ള, ജാതി, ലിംഗ, മത, ലൈംഗിക ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന സര്‍വകലാശാലാ കാംപസുകളിലെ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും സാമൂഹിക അജന്‍ഡ മുന്നോട്ടുവയ്ക്കുന്നുണ്ടെന്നതു കാണേണ്ട കാര്യമാണ്. ഇത്തരം വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ കാംപസുകളെ സാമൂഹ്യ മാറ്റത്തിനായുള്ള സമരങ്ങളുമായി കണ്ണി ചേര്‍ക്കുന്നു. അതുവഴി കാംപസിന്റെ അകവും പുറംലോകവും തമ്മിലുള്ള അകലം കുറയുന്നു. അഥവാ സര്‍വകലാശാല എന്നത് കേവലം കെട്ടിടങ്ങള്‍ക്കും ക്ലാസ്മുറികള്‍ക്കും മതിലുകള്‍ക്കും അപ്പുറത്തേക്ക് പോകുന്നു.
അതുവരെയും പുറന്തള്ളപ്പെട്ടിരുന്ന വിഭാഗങ്ങളെ ഉള്‍ക്കൊള്ളുകയെന്നത് പൊതു സര്‍വകലാശാലകള്‍ക്ക് വലിയൊരു വെല്ലുവിളിയായിത്തീര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യകളുടെ എണ്ണം അത്തരം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള ആ സ്ഥാപനങ്ങളുടെ അശക്തതയാണു സൂചിപ്പിക്കുന്നത്. കീഴാള വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വ്യാപകമായ തോതിലുള്ള പ്രവേശനം സംഭവിച്ചപ്പോള്‍ പൊതു സര്‍വകലാശാലകള്‍ അഭിമുഖീകരിച്ച വെല്ലുവിളികളിലൊന്ന് ആദ്യമായി സര്‍വകലാശാലകളുടെ പടികടന്നെത്തുന്നവരുടെ ജീവിതപരിസരങ്ങള്‍ മനസിലാക്കാന്‍ അവിടങ്ങളിലെ അധ്യാപകര്‍ സജ്ജരായിരുന്നില്ല എന്നതാണ്. സര്‍വകലാശാല എന്ന ആധുനിക ഇടത്തോട് താദാത്മ്യപ്പെടാന്‍ പ്രയാസപ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ജീവനൊടുക്കുകയോ ആണു ചെയ്തത്. അതിനിടെ കീഴാള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിലവില്‍വന്ന സംഘടനകള്‍ അവരുടെ ആത്മാഭിമാന മുന്നേറ്റങ്ങള്‍ക്കും വഴിതുറന്നു.
സാമൂഹിക നീതിക്കായി കാംപസുകളില്‍ ശക്തിപ്പെട്ട രാഷ്ട്രീയ മുന്നേറ്റങ്ങള്‍ പലപ്പോഴും അബല വിദ്യാര്‍ഥികളുടെ രാഷ്ട്രീയ സാമൂഹികവല്‍ക്കരണത്തിനുള്ള വഴിത്താരകള്‍ സൃഷ്ടിച്ചു. ആ വിദ്യാര്‍ഥികള്‍ മാനവിക ശാസ്ത്ര-സാമൂഹികശാസ്ത്ര ക്ലാസ്മുറികളിലെത്തിച്ച ജീവിതാനുഭവങ്ങള്‍ അതുവരെ സര്‍വകലാശാലകള്‍ക്കകത്തു സംഭവിച്ചുകൊണ്ടിരുന്ന ജ്ഞാനോല്‍പാദന വഴിയില്‍ പുതിയ വെല്ലുവിളികളുയര്‍ത്തി. ഈ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അക്കാദമികരംഗം നിര്‍ബന്ധിതമായി. ഇംഗ്ലീഷ് പഠനവിഭാഗമടക്കമുള്ള നിരവധി അക്കാദമിക ജ്ഞാനശാഖകള്‍ക്ക് അവര്‍ ക്ലാസ്മുറികളിലേക്കു കൂടെക്കൂട്ടിയ 'അക്കാദമികമല്ലാത്ത' ലോകത്തെ കൂടി ഉള്‍കൊള്ളേണ്ടി വന്നു. ഉദാഹരണത്തിന്, 1990കളില്‍ ദലിത് പഠനങ്ങള്‍ ഇംഗ്ലീഷിലെ പ്രധാന അധ്യാപന-ഗവേഷണ മേഖലയായി വളര്‍ന്നു. ഇന്ത്യയിലെ സാംസ്‌കാരിക പഠനങ്ങളില്‍ സ്വത്വപരമായ ചോദ്യങ്ങള്‍ കേന്ദ്രസ്ഥാനത്തേക്കു വന്നു. അക്കാദമിക പഠനശാഖകളുടെ ഈ പുനര്‍നിര്‍മാണം കീഴാള വിദ്യാര്‍ഥി മുന്നേറ്റങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഇന്ത്യന്‍ കാംപസുകളിലുണ്ടായ സംഭവവികാസങ്ങളുടെ പ്രധാന ഫലം നിരവധി സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ ഐക്യപ്പെടലിനും പരസ്പരം അകന്നുകിടന്നിരുന്ന പോരാട്ടങ്ങളുടെ ഒന്നിപ്പിനും കളമൊരുക്കിയെന്നതാണ്. കാംപസിനകത്തും പുറത്തും വ്യത്യസ്ത വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ ഐക്യദാര്‍ഢ്യപ്പെട്ടു. ഈ മുന്നേറ്റങ്ങള്‍ സര്‍വകലാശാലകളും പുറംലോകവും തമ്മിലുള്ള ബന്ധങ്ങളിലും മാറ്റമുണ്ടാക്കി. കേന്ദ്ര ഭരണകൂടത്തെയും ഭരണ പ്രത്യയശാസ്ത്രത്തെയും പൊതുശത്രുനിരയില്‍ നിര്‍ത്തിയുള്ള അത്തരം ഐക്യദാര്‍ഢ്യ മുന്നേറ്റങ്ങള്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് അതിജീവിക്കാനുതകുന്ന സാമൂഹികനീതി അജന്‍ഡകള്‍ രൂപീകരിക്കാനുള്ള വഴികളും തുറന്നിട്ടു.
ഇത്തരം സമരങ്ങളും അക്കാദമിക പഠനശാഖകളുടെ മാറിയ സ്വഭാവവും ദലിത്, ആദിവാസി, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്താനുള്ള പുതുവഴി തുറന്നുകൊണ്ടിരിക്കുന്നു. ഒരര്‍ഥത്തില്‍ അതുതന്നെയാണ് ഇത്തരം സാമൂഹിക വിഭാഗങ്ങളെ സംബന്ധിച്ച് പൊതു സര്‍വകലാശാലകളുടെ പ്രസക്തിയും. നേരത്തെ സൂചിപ്പിച്ചതു പോലെ, സര്‍വകലാശാലകളുടെ ഇത്തരം സാധ്യത കൂടിയാണ് അവയെ ഫണ്ടുകള്‍ വെട്ടിക്കുറക്കുക, വിദേശ സര്‍വകലാശാലകളെയും സ്വകാര്യ സര്‍വകലാശാലകളെയും പ്രോത്സാഹിപ്പിക്കുക മുതലായ നടപടികളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലും. ജനാധിപത്യ പ്രക്രിയയില്‍ കീഴാള വിഭാഗങ്ങള്‍ കൂടുതലായി പങ്കെടുക്കാന്‍ തുടങ്ങിയപ്പോഴാണ് വരേണ്യര്‍ ജനാധിപത്യത്തെ കൈയൊഴിയുന്ന അവസ്ഥയുണ്ടായതെന്ന് അറിയാവുന്ന കാര്യമാണ്. സര്‍വകലാശാലകളുടെ കാര്യത്തിലും ഒരുപക്ഷെ അതുതന്നെ സംഭവിച്ചുകൂടായ്കയില്ല. അതിനെ ചെറുക്കുക കൂടി സാമൂഹികനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അജന്‍ഡയാകേണ്ടതുണ്ട്.
(ഹൈദരാബാദ് ഇഫ്‌ലുവില്‍ സാംസ്‌കാരിക പഠനവിഭാഗത്തില്‍ ഗവേഷകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."