സര്‍ക്കാര്‍ ലക്ഷ്യം ശുദ്ധജല പദ്ധതികള്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പൊന്നാനി: എണ്‍പത് ശതമാനം ശുദ്ധജലം ജനങ്ങള്‍ക്ക് നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ചമ്രവട്ടം ജങ്ഷനില്‍ നടന്ന പൊന്നാനിസമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
മാര്‍ച്ച് 31നകം സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഡി.പി.ആര്‍ പൂര്‍ത്തിയാക്കുമെന്നും എത്രയും പെട്ടെന്ന് തന്നെ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ പൊന്നാനി മണ്ഡലത്തിലെ ജല ദൗര്‍ബല്യമുള്ള സ്ഥലങ്ങളില്‍ കൂടി സമഗ്ര കുടിവെള്ള പദ്ധതി വ്യാപിപ്പിക്കുമെന്നും 18 മാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ചടങ്ങിലെ പൊതുസമ്മേളന ഉദ്ഘാടനത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ശുദ്ധജലം ലഭ്യമല്ല എന്ന പരാതി എന്നേന്നേക്കുമായി പരിഹരിക്കുകയാണെന്നും ഈ പദ്ധതിയിലൂടെ നിലവിലെ എല്ലാ ടാങ്കുകളിലേക്കും ശുദ്ധീകരിച്ച ജലം ലഭ്യമാകുമെന്നും ചടങ്ങിലെ അധ്യക്ഷനായ മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കും സാങ്കേതിക കുരുക്കില്‍ ഒരു പദ്ധതിയും ഇനി തടഞ്ഞു വെയ്ക്കില്ലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നരിപ്പറമ്പ് പമ്പ് ഹൗസിനടുത്ത് 50 ദശലക്ഷം ലിറ്റര്‍ ജലം ദിനംപ്രതി ഭാരതപ്പുഴയില്‍ നിന്ന് സംഭരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് പൊന്നാനി കുടിവെള്ള പദ്ധതി. 74.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യ ഘട്ട പ്രവൃത്തി തുടങ്ങുന്നത്. ട്രാറ്റ്‌മെന്റ് പ്ലാന്റും അനുബന്ധ പൈപ്പ് ലൈന്‍ സംവിധാനവുമാണ് ഈ ഘട്ടത്തില്‍. 25 കൊല്ലം മുന്നില്‍ കണ്ടു കൊണ്ടുള്ള വിതരണ ശൃംഖല നടപ്പിലാക്കുന്നതാണ് രണ്ടാം ഘട്ടം.
ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, മറ്റു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍, മറ്റു ജനപ്രതിധിനികള്‍ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ചീഫ് എന്‍ജിനീയര്‍ ബാബു തോമസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കേരള ജല അതോറിറ്റി മാനേജിങ് ഡയരക്ടര്‍ ഡോ. എ. കൗശികന്‍ ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."