കാവലന് വേണ്ടത് കൈത്താങ്ങ്; തിരിഞ്ഞുനോക്കാതെ ട്രൈബല്‍ വകുപ്പ്
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി ചാളമൊട്ടന്‍കുന്ന് പണിയ കോളനിയിലെ കാവലന്(65) വേണ്ടത് കൈത്താങ്ങാണ്. സ്വന്തമായി ഒന്നും ചെയ്യാനാകാതെ നരഗജീവിതം നയിക്കുകയാണ് ഈ ആദിവാസി വൃദ്ധന്‍. എന്നാല്‍ സഹായമഭ്യര്‍ഥിച്ചിട്ടും ട്രൈബല്‍ വകുപ്പിന്റെ നോട്ടംപോലും ഇതുവഴി എത്തിയിട്ടില്ല. രോഗങ്ങള്‍ കൊണ്ടു വലയുന്ന കാവലന്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളില്‍ ദുരിത ജീവിതം തുടങ്ങിയിട്ട് മൂന്ന്‌വര്‍ഷം പിന്നിട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കാലിനും കൈക്കുംവന്ന അസുഖം രൂക്ഷമായതോടെ പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ ഇഴഞ്ഞാണ് ആരെങ്കിലും എത്തിച്ചു നല്‍കുന്ന റേഷനരി ഉപയോഗിച്ച് കഞ്ഞിവച്ച് കുടിക്കുന്നത്. പ്ലാസ്റ്റിക്ക് കൂരയില്‍ നിന്ന് വീഴുന്ന വെള്ളമാണ് കുടിക്കാനും കഞ്ഞിവെക്കാനുമുപയോഗിക്കുന്നത്. കാവലന്റെ ദുരിദം കണ്ട പരിസരവാസിയായ തങ്കച്ചന്‍ എന്നയാള്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ക്ക് ജൂലൈ ആറിന് നേരിട്ട് ചികിത്സക്ക് സഹായമാവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഇതുവരെ ആരുംതന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
അച്ചനും അമ്മയും മരണപ്പെട്ട അവിവാഹിതനായ കാവലന് സഹോദരങ്ങളുമില്ല. തനിച്ചു താമസിക്കുന്ന ഇയാള്‍ കൂലിപ്പണിയെടുത്താണ് കഴിഞ്ഞിരുന്നത്. ഇതിനിടെ മൂന്ന്‌വര്‍ഷം മുന്‍പ് വലതുകൈക്ക് സ്വാധീനം പൂര്‍ണമായും നഷ്ടപ്പെട്ടു. രണ്ട്‌വര്‍ഷം മുന്‍പ് കൈപ്പാദങ്ങളും കാല്‍പ്പാദങ്ങളും വിണ്ടുകീറുന്ന അപൂര്‍വ്വരോഗം കാവലനെ പിടികൂടി.
ഇതോടെ കാലിന്റെ മുട്ടിന് താഴെ നീര് വന്നു നടക്കാന്‍ പോലും കഴിയാതെയായതോടെ പുറത്തിറങ്ങാതായി. കാവലന് പ്രായം 65 ആണെങ്കിലും ഇതുവരെയും യാതൊരുവിധ ക്ഷേമ പെന്‍ഷനും ലഭിച്ചിട്ടില്ല.
ഓലകള്‍ കൊണ്ട് ചുറ്റും മറച്ച് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മുകളില്‍ വിരിച്ച ഷെഡ്ഡിലാണ് തനിയെയുള്ള താമസം. പുതുതായി വീടിന് അപേക്ഷിക്കുകയും വീടനുവദിക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് നിരവധി വീടുകള്‍ കരാറെടുത്ത് പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങുന്നത് സ്ഥിരം പതിവാക്കിയ കരാറുകാരനെയാണ് കാവലന്റെ വീടിന്റെ പണിയും അധികൃതര്‍ ഏല്‍പ്പിച്ചത്.
തറയുടെ പണിപൂര്‍ത്തിയാക്കി ആദ്യ ഗഡുവും വാങ്ങിപ്പോയ കറാരുകാരന്‍ മൂന്നു മാസത്തോളമായി കോളനിയിലേക്ക് വന്നിട്ടില്ല. ഇത്തരത്തില്‍ പാതിവഴിയലുള്ള നിരവധി വീടുകള്‍ കോളനിയിലുണ്ട്. ആദിവാസികളെ സഹായിക്കാന്‍ ഒരു വകുപ്പും അതിന് കീഴില്‍ ട്രൈബല്‍ ഓഫിസര്‍മാരും പ്രൊമോട്ടര്‍മാരും കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുമെല്ലാം നിരന്തരം കോളനികള്‍ കയറിയിറങ്ങുമ്പോഴാണ് ആദിവാസി വൃദ്ധന്‍ സഹായമാവശ്യപ്പെട്ടിട്ടും ലഭ്യമാവാതെ പ്ലാസ്റ്റിക്ക് കൂരക്കുള്ളില്‍ അര്‍ധപട്ടിണിയില്‍ നരകിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."