പേര്യയില്‍ മാവോയിസ്റ്റ് സംഘം: നാലുപേരെ തിരിച്ചറിഞ്ഞു
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ അയനിക്കല്‍ പ്രദേശത്ത് ബുധനാഴ്ച രാത്രിയെത്തിയ മാവോയിസ്റ്റ് സംഘത്തിലെ നാലുപേരെ തിരിച്ചറിഞ്ഞു. പൊലിസിന്റെ ലുക്ക്ഔട്ട് നോട്ടിസിലുള്ള മാവോവാദി നേതാക്കളായ സുന്ദരി, സാവിത്രി, ജയണ്ണ, ജിഷ എന്നിവരെയാണു തിരിച്ചറിഞ്ഞത്. ഇതില്‍ ജയണ്ണയുടെ കാര്യത്തില്‍ മാത്രമാണ് പൊലിസിനു പൂര്‍ണമായും വ്യക്തതയില്ലാത്തത്.
ജിഷ തലപ്പുഴ മക്കിമല സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷമാണ് ജിഷയെ മക്കിമലയില്‍നിന്നു കാണാതായത്. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ മറ്റുള്ളവരെ പ്രദേശവാസികള്‍ക്കു തിരിച്ചറിയാനായില്ല. എട്ടംഗ മാവോയിസ്റ്റ് സംഘത്തിലെ നാലുപേര്‍ സ്ത്രീകളാണെന്നു നാട്ടുകാര്‍ പറഞ്ഞു. എല്ലാവരുടെയും പക്കല്‍ തോക്കുകളുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി 7.45നാണ് പേര്യയില്‍ ആയുധധാരികളായ എട്ടംഗ മാവോയിസ്റ്റ് സംഘമെത്തിയത്. അയനിക്കല്‍ പി.എസ് ഫിലിപ്പിന്റെ കടയിലാണു സംഘം ആദ്യമെത്തിയത്. ആവശ്യമായ സാധനങ്ങളുടെ പേരുകള്‍ എഴുതിയ കുറിപ്പുമായി കടയിലെത്തിയ ഇവര്‍ സാധനങ്ങള്‍ വാങ്ങി കടയുടമയ്ക്ക് 1,200 രൂപ നല്‍കുകയും ചെയ്തു. സാധാരണ സാധനങ്ങള്‍ക്കു പണം നല്‍കാറില്ലെന്നും, എന്നാല്‍ പാവങ്ങളായതുകൊണ്ടാണു നിങ്ങള്‍ക്കു പണം നല്‍കുന്നതെന്നും സംഘത്തില്‍പ്പെട്ട ഒരാള്‍ കടയുടമയോടു പറഞ്ഞു. തുടര്‍ന്നു പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ച സംഘം നാട്ടുകാര്‍ക്കു ലഘുലേഖകള്‍ വിതരണം ചെയ്യുകയുമുണ്ടായി.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച കുഞ്ഞോം വനമേഖലയുമായി ചേര്‍ന്നുകിടക്കുന്ന അയനിക്കലില്‍ ഇതാദ്യമായാണു സംഘം എത്തുന്നത്. ഒരാഴ്ചമുന്‍പ് തലപ്പുഴ 44ലും മാവോയിസ്റ്റുകളെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇന്നലെ പൊലിസും തണ്ടര്‍ബോള്‍ട്ടും പരിശോധനയ്‌ക്കെത്തിയിരുന്നു. മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേന, തലപ്പുഴ എസ്.ഐ സി.ആര്‍ അനില്‍കുമാര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."