ഹുആവേ നിരോധിച്ച് നിരവധി രാജ്യങ്ങള്‍; പക്ഷെ, ഇന്ത്യ നിരോധിച്ചാല്‍ പണിപാളും
ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ കമ്പനിയായ ഹുആവേയുടെ ഫോണുകളും ഉപകരണങ്ങളും നിരോധിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. യു.എസ്, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് നിരോധനത്തിന് തുടക്കം കുറിച്ചത്. ഇറാനിനു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് ഹുആവേ ഇടപാട് നടത്തിയതിനെത്തുടര്‍ന്നാണ് കൂട്ട ഉപരോധവും നിരോധനവും.
ഹുആവേ സി.എഫ്.ഒ മെങിനെ ഡിസംബര്‍ ഒന്നിന് കാനഡയില്‍ അറസ്റ്റ് ചെയ്തിരുന്നു. യു.എസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇതോടൊപ്പമാണ്, വിവിധ രാജ്യങ്ങളോട് ഹുആവേ ഫോണ്‍ നിരോധിക്കാനും ബഹിഷ്‌കരിക്കാനും യു.എസ് സമ്മര്‍ദം ചെലുത്തുന്നത്.
തായ്‌വാന്‍, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഹുആവേയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഹുആവേയ്‌ക്കെതിരെ ഒന്നിക്കണമെന്ന് ജര്‍മനിയോടും ഇറ്റലിയോടും യു.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയ്ക്കുമേല്‍ ഇതുവരെ യു.എസ് സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഇനി സമ്മര്‍ദമുണ്ടായാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയൊരു നീക്കം പ്രയാസമായിരിക്കും.
2019 ല്‍ 5ജി കണക്ടിവിറ്റി സംവിധാനിക്കാനൊരുങ്ങുന്ന ഇന്ത്യ, ആദ്യ പരീക്ഷണങ്ങള്‍ നടത്താന്‍ ഹുആവേയെയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, കുറഞ്ഞ വില, ആഭ്യന്തര നിക്ഷേപം, ദീര്‍ഘകാല വായ്പാ പദ്ധതി തുടങ്ങിയവ കാരണം ഇന്ത്യയുമായി വലിയ വ്യാപാര ബന്ധത്തിലാണ് ഹുആവേ.
യു.എസിന്റെ സമ്മര്‍ദമാണ് കാരണമെങ്കിലും നിരോധിക്കുന്ന രാജ്യങ്ങള്‍ ജനങ്ങളോടു പറയുന്നത്, ഫോണിന്റെ സുരക്ഷാ പ്രശ്‌നങ്ങളാണ്. എന്നാല്‍ ഇക്കാര്യം ഹുആവേ നിഷേധിക്കുന്നുണ്ട്. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് ഹുആവേ എന്നും മുന്‍തൂക്കം നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഹുആവേ ഇന്ത്യയില്‍
20 വര്‍ഷം മുന്‍പാണ് ഹുആവേ ഇന്ത്യയില്‍ എത്തുന്നത്. ആദ്യമായി ഇന്ത്യയില്‍ നിക്ഷേപം നടത്തിയ ചൈനീസ് കമ്പനികളില്‍പ്പെടും. ബംഗളൂരുവില്‍ കമ്പനിയുടെ ഏറ്റവും വലിയ ആര്‍ ആന്റ് ഡി കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്മാര്‍ട്ട്‌ഫോണിനു പുറമെ, സ്മാര്‍ട്ട് വാച്ച്, ഡോങ്കിള്‍, ടെലികോം ഉപകരണങ്ങള്‍, സോഫ്റ്റ്‌വെയര്‍ എന്നിവയും കമ്പനി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, സര്‍ക്കാര്‍ അധീനതയിലുള്ള ബി.എസ്.എന്‍.എല്‍ മുതല്‍ അടുത്തുവന്ന റിലയന്‍സ് വരെ ഹുആവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്.
ഇതൊക്കെ കണക്കാക്കുമ്പോള്‍ ഹുആവേയെ പുറത്താക്കിയാല്‍ ഇന്ത്യയ്ക്കായിരിക്കും വലിയ തിരിച്ചടി നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."