ട്രാഫിക് ഐലന്റിന് ചുവപ്പ് ചായം പൂശി; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തിരൂര്‍: പൊലിസ് ട്രാഫിക് അറിയിപ്പുകള് രേഖപ്പെടുത്തിയ തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ ട്രാഫിക് ഐലന്റ് സി.പി.എം പ്രവര്‍ത്തകര്‍ പെയിന്റടിച്ചു ചുവപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് 200 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.
സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ട്രാഫിക് ഐലന്റില്‍ ചുവന്ന ചായം തേക്കുകയായിരുന്നു. വിവരമറിഞ്ഞു തിരൂര്‍ സി.ഐ എം.കെ ഷാജി, എസ്.ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള പൊലിസ് സംഘം പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തിരൂരിലെ മുതിര്‍ന്ന സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ട്രാഫിക് ഐലന്റിലെ ദേശാഭിമാനി ചുമരെഴുത്തിനുമേല് കരിഓയില്‍ ഒഴിക്കുകയും തുടര്‍ന്നു ചന്ദ്രിക പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി തകര്‍ക്കുകയും മുസ്ലിംലീഗ് ഓഫിസിനും സമീപത്തെ ഹോട്ടലിനും നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്നു തിരൂര്‍ നഗരത്തില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയുമുണ്ടായി. ഇതിനിടെ പൊലിസിനെയും പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്നു പൊലിസ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പൊലിസിനെ വെല്ലുവിളിച്ചും നിയമം കൈയിലെടുത്തും പുതിയ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."