മാലിന്യത്തൊട്ടിയായി മലമ്പുഴ
പാലക്കാട്: മലമ്പുഴ, പുതുശേരി ഗ്രാമപഞ്ചായത്തു പ്രദേശത്തെ വനമേഖലയിലും, സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വ്യാപകമായി മാലിന്യങ്ങള്‍ കൊണ്ട് വന്നു തള്ളുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ചെരുപ്പ് കമ്പനികളില്‍ നിന്നും പുറംതള്ളുന്ന റബര്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇറച്ചിമാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ എന്നിവയാണ് ഇവിടെ കൊണ്ട് വന്ന് കുഴിച്ചിടുന്നത്. എത്തിക്കുന്ന മാലിന്യങ്ങള്‍ വലിയ കുഴികളെടുത്ത് കുഴിച്ചിടുന്നുമുണ്ട്. ജനവാസം കുറവായ ഈപ്രദേശങ്ങളില്‍ കൊണ്ടിടുന്ന മാലിന്യങ്ങള്‍ ക്കെതിരേ പ്രതിഷേധിക്കാന്‍ ഇറങ്ങുന്നവരെ പണവും, മദ്യവും നല്‍കി ഏജന്റുമാര്‍ കയ്യിലെടുക്കാറാണ് പതിവ്. ഒരു ലോഡ് മാലിന്യം ഇവിടെ കൊണ്ടിടാന്‍ 20000 വരെ ഏജന്റുമാര്‍ വാങ്ങാറുമുണ്ടെന്നാണ് അറിവ്.
ഒരു മാസം മുന്‍പ് ആറങ്ങോട്ടുകൊളുമ്പില്‍ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് രണ്ടു ലോഡ് ചെരുപ്പ് കമ്പനി മാലിന്യങ്ങള്‍ കൊണ്ടിട്ടത് ഇതു വരെ മാറ്റാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം മലമ്പുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആരക്കോട്ടിലെ സ്വകാര്യസ്ഥലത്ത് രണ്ടു ലോഡ് മാലിന്യം ചാക്കുകളിലാക്കി കൊണ്ടിട്ടിട്ടുണ്ട്. ചെരുപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവയെല്ലാം. കാലങ്ങളോളം മണ്ണില്‍ കിടന്നാലും അഴുകി പോകാത്ത മാലിന്യമാണിത്. ഇതെല്ലാം ലോറിയില്‍ നിന്ന് ഇറക്കിയത് ചുമട്ടു തൊഴിലാളികളാണ്. പകല്‍ സമയത്തു കൊണ്ടുവന്ന് തള്ളിയത്. കാട്ടുമൃഗങ്ങളുടെ സഞ്ചാരമേഖല കൂടിയാണിത്. പ്രാദേശികമായി ചില ഏജന്റുമാര്‍ സ്ഥലത്തു മാലിന്യം കൊണ്ടിടാന്‍ സൗകര്യം ചെയ്തു കൊടുക്കാറുമുണ്ട്.
രാത്രിയിലാണ് പൊതു സ്ഥലത്ത് മാലിന്യം കൊണ്ടുവന്നു തള്ളുന്നത്. നേരത്തെ വടക്കന്‍ ജില്ലകളിലെ മാലിന്യം കോയമ്പത്തൂരിലെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തള്ളിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മാലിന്യം കടത്തി കൊണ്ട് പോയ ലോറികള്‍ തിരിച്ചയക്കുകയും, ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്തതോടെയാണ് കേരളത്തില്‍ തന്നെ കുഴിച്ചിടുന്നത്. എന്നാല്‍ പരാതി ഇല്ലെന്ന പേരില്‍ ജില്ലാ ഭരണകൂടം ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാനും തയ്യാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."