മരക്കൊമ്പുകള്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു
പടിഞ്ഞാറങ്ങാടി: തൃത്താല - പടിഞ്ഞാറങ്ങാടി, തൃത്താല - കുമ്പിടി - കുറ്റിപ്പുറം എന്നീ പാതയോരങ്ങളില്‍ റോഡിലേക്ക് താഴ്ന്നു നില്‍ക്കുന്ന മരക്കൊമ്പുകളും, സുരക്ഷിതമില്ലാത്ത രീതിയില്‍ കടപുഴകി വീഴാറായി നില്‍ക്കുന്ന മരങ്ങളും ചരക്ക് വാഹനങ്ങള്‍ക്കും, വഴി യാത്രക്കാര്‍ക്കും, മറ്റും ഭീഷണിയാകുന്നു.
പ്രധാനമായും ചരക്ക് വാഹനങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള കൊമ്പുകള്‍ കൂടുതല്‍ പ്രയാസമുണ്ടാക്കുന്നത് ചരക്കു വാഹനങ്ങള്‍ അധികവും രാത്രി സമയങ്ങളിലാണ് ഇതു വഴി കടന്ന് പോകുന്നത്. അത്‌കൊണ്ട് തന്നെ താഴ്ന്നു നില്‍ക്കുന്ന കൊമ്പുകള്‍ ശ്രദ്ധയില്‍ പെടാതെ വാഹനം അപകടത്തില്‍ പെടുന്നത് ഇവിടങ്ങളില്‍ പതിവ് കാഴ്ച്ചയാണ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ് തൃത്താല ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ചരക്ക് വാഹനം കോക്കാടിനും, കുണ്ടുകാടിന്നുമിടയില്‍ തലക്കശ്ശേരി നമസ്‌കാരപ്പള്ളിക്ക് സമീപം റോഡിലേക്ക് താഴ്ന്ന് നിന്നിരുന്ന ചീനി മരത്തിന്റെ കൊമ്പില്‍ തട്ടി അപകടത്തില്‍ പെട്ടത്.
വലിയ കൊമ്പായിരുന്നെങ്കിലും കൊമ്പ് പൊട്ടി വീണത് കാരണം ഒന്നും സംഭവിച്ചില്ല. പെട്ടെന്ന് കൊമ്പ് റോഡില്‍ നിന്ന് മാറ്റാന്‍ സാധിക്കാത്തത് കൊണ്ട് മറ്റു വാഹനങ്ങള്‍ക്ക് ചെറിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കി.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേ റൂട്ടില്‍ വട്ടത്താണിയില്‍ വന്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടതും, തൃത്താല കുമ്പിടി തിരിവില്‍ റോഡിലേക്ക് നിന്നിരുന്ന മാവിന്‍ കൊമ്പ് ഗുഡ്‌സ് ഓട്ടോയുടെ മുകളിലേക്ക് വീണ് അപകടം ഒഴിവായതും.
കുണ്ടുകാട്, തലക്കശ്ശേരി, വട്ടത്താണി, ചിറ്റപ്പുറം, പട്ടിത്തറ രണ്ടാല്‍, പന്നിത്തടം എന്നിവിടങ്ങളിലും, മറ്റുമായി നിരവധി മരങ്ങളും, കൊമ്പുകളാണ് റോഡിലേക്കായി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പശ്ചാതലത്തില്‍ ചില സ്വകാര്യ വ്യക്തികള്‍ അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും, കൊമ്പുകളും നീക്കം ചെയ്യാന്‍ തെയ്യാറാവുകയും, കഴിഞ്ഞ ദിവസം അവകളെല്ലാം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."