അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി ലഹരിക്കടത്ത് തുടരുന്നു
വാളയാര്‍: ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ജി.എസ്.ടി സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനത്തേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മുമ്പ് വാണിജ്യ നികുതി ഉദ്യോഗസ്ഥരും എക്‌സൈസ് സംഘവും നടത്തിവന്ന പരിശോധനയും സംവിധാനങ്ങളും ഇല്ലാതായതോടെ ടാങ്കര്‍ ലോറികളില്‍ ഇതരവസ്തുക്കളുടെ ലേബലില്‍ സ്പിരിറ്റ് അടക്കമുള്ള വസ്തുക്കള്‍ ഒഴുകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കഴിഞ്ഞമാസം ഒന്നാംതിയതി മുതല്‍ ജി.എസ്.ടി സംവിധാനം നിലവില്‍ വന്നതോടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ തമിഴ്‌നാടും കേരളവും പിന്‍വലിച്ചത്.
കള്ളക്കടത്ത് വ്യാപകമായി എന്ന പരാതിയെത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേകപരിശോധനക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വന്‍തോതില്‍ കള്ളബില്ലുകള്‍ ഉപയോഗിച്ച് ഇലക്ട്രിക്, ഇലക്‌ട്രോണിക്, വസ്ത്രങ്ങള്‍ എന്നിവയുടെ ഒഴുക്ക് തുടരുന്നതായി തമിഴ്‌നാട് സര്‍ക്കാരിന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ തമിഴ്‌നാട് വിന്യസിച്ചിരുന്നത്. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം ഇതുവരെയും ഉണ്ടായിട്ടില്ല. ആകെ നാലു ഉദ്യോഗസ്ഥരാണ് വാളയാറില്‍ ജി.എസ്.ടി ബില്‍ കളക്ട് ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കാകട്ടെ തരുന്ന ബില്ലിലെ ഉത്പന്നങ്ങള്‍ തന്നെയാണ് വാഹനത്തിലുള്ളതെന്ന് തിരിച്ചറിയാനുള്ള ആധുനിക സംവിധാനങ്ങളുമില്ല. മാത്രമല്ല, ജിഎസ്ടി ബില്ലുകള്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിച്ച് വാഹനങ്ങള്‍ കടത്തിവിടുക പ്രായോഗികവുമല്ല.
സംശയം തോന്നിയാല്‍ മാത്രം പൊലിസിന്റെ സഹായം തേടാമെന്നു മാത്രം. എന്നാല്‍, സ്പിരിറ്റ് ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് ഉത്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ നല്‍കുന്ന ജി.എസ്.ടി ബില്ലും കൈക്കൂലിയും വാങ്ങി കണ്ണടക്കുകയാണ് ഉദ്യോഗസ്ഥരെന്ന് പരാതികളുയരുന്നുണ്ട്.
വാളയാറില്‍ ആധുനിക ഉപകരണങ്ങളും സ്‌കാനറും സ്ഥാപിക്കുമെന്ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ പറഞ്ഞതെല്ലാം കടലാസിലൊതുങ്ങി.
ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് കേരളത്തിന്റെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യമുയരുന്നത്. അല്ലാത്തപക്ഷം ഓണക്കാലത്ത് മദ്യ ദുരന്തം കേരളത്തില്‍ സംഭവിച്ചേക്കാമെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗമെന്നിരിക്കെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."