ബഗാനെ വീഴ്ത്തി നെരോക്ക ഒന്നാമത്
ഇംഫാല്‍-കൊല്‍ക്കത്ത: മോഹന്‍ ബഗാനെ തകര്‍ത്ത് ഐലീഗില്‍ നെരോക്ക ഒന്നാം സ്ഥാനത്ത്. ദാനം കിട്ടിയ ഗോളില്‍ ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ച് റിയല്‍ കശ്മിര്‍. ലീഗില്‍ മുന്നില്‍ എത്താനുള്ള മോഹന്‍ ബഗാന്റെ മോഹത്തെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് നെരോക്ക എഫ്.സി ലീഗിലെ ഒന്നാം സ്ഥാനക്കാരായത്. ആദ്യ സ്ഥാനക്കാരായ മൂന്നു ടീമുകള്‍ക്കും 18 പോയിന്റ് വീതമായെങ്കിലും ഗോള്‍ ശരാശരിയിലാണ് നെരോക്ക ചെന്നൈ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്.
കളിയുടെ 24 ാം മിനുട്ടില്‍ മുന്‍ ബഗാന്‍താരം എഡ്‌വേഡോ ഫെരാരോയുടെ ഗോളിലൂടെ നെരോക്കയാണ് മുന്നില്‍ എത്തിയത്. കളിയുടെ 63 ാം മിനുട്ടില്‍ ഹെന്‍ട്രി കിസേക്കയിലൂടെ തിരിച്ചടിച്ച ബഗാന്‍ സമനില നേടി.
എന്നാല്‍, 69 ാംമിനുട്ടില്‍ ആര്യന്‍ വില്യംസിലൂടെ മുന്നിലെത്തിയ നെരോക്ക ബഗാന് മേല്‍ വിജയം ഉറപ്പിച്ചു. ലീഗില്‍ 15 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബഗാന്‍ നെരോക്കയെ കീഴടക്കി പട്ടികയില്‍ മുന്നില്‍ എത്താനാവുമെന്ന പ്രതീക്ഷയുമായാണ് ഇംഫാലില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍, ബഗാനെ 2-1ന് കീഴടക്കിയതോടെ നെരോക്ക പത്ത് കളികളില്‍നിന്ന് അഞ്ചു വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 18 പോയിന്റ് നേടി ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഈസ്റ്റ് ബംഗാള്‍ - റിയല്‍ കശ്മിര്‍ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയുമായാണ് പിരിഞ്ഞത്. എന്നാല്‍, രണ്ടാം പകുതിയില്‍ റിയലിന് ഒരു ഗോള്‍ ഈസ്റ്റ്ബംഗാള്‍ ദാനം നല്‍കി. രണ്ടാം പകുതിയുടെ ആദ്യമിനുട്ടില്‍ തന്നെ സ്വന്തം പോസ്റ്റില്‍ പന്തടിച്ചു കയറ്റി ലാല്‍റാംചുല്ലോവ റിയലിനെ മുന്നില്‍ എത്തിച്ചു. സെല്‍ഫ് അടിച്ചു പിന്നിലായതോടെ ഉണര്‍ന്നു കളിച്ച ഈസ്റ്റ് ബംഗാള്‍ മലയാളി താരം ജസ്റ്റിന്‍ ജോബിയുടെ ഗോളിലൂടെ ഒപ്പമെത്തി. 56 ാം മിനുട്ടില്‍ ദിദിക എടുത്ത കോര്‍ണറില്‍ ഐദറ പന്തിന് തലവച്ചു. ഡാനിഷ് ഫാറൂഖിന്റെ ഗോള്‍ ലൈന്‍ സേവിനിടെ റീബൗണ്ടായ പന്ത് ജസ്റ്റിന്‍ വലയിലാക്കുകയായിരുന്നു.
പോരാട്ടം സമനിലയിലായതോടെ വിജയം തേടി ഈസ്റ്റ് ബംഗാളും റിയല്‍ കശ്മിരും പോരാട്ടം ശക്തമാക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച റിയല്‍ കശ്മിര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 10 കളികളില്‍ നിന്ന് 18 പോയിന്റ് നേടി. ഒന്‍പത് കളികളില്‍ നിന്ന് 18 പോയിന്റുള്ള ചെന്നൈ സിറ്റി രണ്ടാമത്. ഈസ്റ്റ് ബംഗാള്‍ നാലാമതും അയല്‍ക്കാരായ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."