കേരം തിങ്ങും നാട്ടില്‍ കല്‍പവൃക്ഷങ്ങള്‍ അന്യമാകുന്നു
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കര്‍ഷക കുടുംബങ്ങളിലെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായിരുന്നു നാളീകേരം. എന്നാല്‍ കേര വൃക്ഷങ്ങളുടെ സ്ഥാനത്ത് റബര്‍ മരങ്ങള്‍ ഇടം പിടിച്ചതോടെ റബര്‍ കൃഷിയുടെ നാടായി മാറി നാവായിക്കുളം.
ഒരുകാലത്ത് തെങ്ങുകള്‍ തിങ്ങിനിറഞ്ഞിരുന്ന നാവായിക്കുളത്തെ കുടുംബങ്ങള്‍ കഴിഞ്ഞുപോന്നിരുന്നത് തെങ്ങില്‍ നിന്നും കിട്ടുന്ന നാളീകേരം, ഓല, മടല്‍, ചൂട്ട്, കൊതുമ്പ് തുടങ്ങിയവ വിറ്റിട്ടായിരുന്നു. സ്ഥിരമായി ജോലി ഇല്ലാതിരുന്ന പല കുടുംബങ്ങളും കഴിഞ്ഞിരുന്നത് ഇതിലൂടെയാണ്. എന്നാലിന്ന് മലയാളി തെങ്ങുകൃഷി ഉപേക്ഷിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്.
തെങ്ങു കൃഷി ഉള്ള സ്ഥലങ്ങളിലാകട്ടെ തേങ്ങയിടാന്‍ ആളിനെ കിട്ടാത്ത അവസ്ഥയും ആഴ്ചകളോളം തെങ്ങുകയറ്റക്കാരുടെ പുറകെ നടന്നാല്‍ മാത്രമേ തേങ്ങയിടാന്‍ ആളിനെ കിട്ടുകയുള്ളു. ആവശ്യത്തിന് കൃഷിപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ യഥാസമയം തെങ്ങിന് വളം ചെയ്യാനോ മറ്റോ കഴിയുന്നുമില്ല. അതതു ദിവസങ്ങളില്‍ തേങ്ങാ ഇട്ടിരുന്ന പറമ്പുകളില്‍ ഇപ്പോള്‍ മൂന്നും നാലും മാസത്തിലൊരിക്കലാണ് തേങ്ങ ഇടുന്നത്. തേങ്ങപാകമായാലും പറിക്കാന്‍ കഴിയാതെ കൊഴിഞ്ഞു വീഴുന്നത് ഇപ്പോള്‍ കേരളത്തില്‍ പതിവാണ്.
കേരളത്തിലെ മിക്ക തൊഴില്‍ മേഖലകളിലും ആധിപത്യമുറപ്പിക്കാന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കഴിഞ്ഞിട്ടിണ്ടെങ്കിലും തെങ്ങു കയറ്റത്തില്‍ മാത്രം ഇവര്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില ഗ്രാമപ്രദേശങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തെങ്ങുകയറ്റത്തിന് ശ്രമിച്ചെങ്കിലും തദ്ദേശീയരായ തെങ്ങുകയറ്റ തൊഴിലാളികള്‍ ഒന്നിച്ച് ചെറുത്തു തോല്‍പ്പിച്ചതിനെ തുടര്‍ന്ന് അവര്‍ പിന്മാറുകയായിരുന്നു.
കേരകര്‍ഷകരില്‍ നിന്നും പലനിരക്കിലാണ് തൊഴിലാളികള്‍ കൂലി ഈടാക്കുന്നത്. ഒരു തെങ്ങില്‍ കയറുന്നതിന് 30 മുതല്‍ 50 രൂപവരെ കൂലിയാണ് വാങ്ങുന്നത്. കൂടാതെ അഞ്ച് മുതല്‍ 10 വരെ തേങ്ങയും എടുക്കും. ഇതു തടഞ്ഞാല്‍ പിന്നെ തേങ്ങയിടാന്‍ ആളിനെ കിട്ടാനില്ലാത്തതിനാല്‍ കര്‍ഷകര്‍ എതിര്‍ക്കാനും പോകാറില്ല. പലപ്പോഴും തെങ്ങു കൈയേറ്റക്കാര്‍ക്ക് കൂലികൊടുക്കാനുള്ള തുകയ്ക്ക് പോലും തെങ്ങില്‍ നിന്നും തേങ്ങ ലഭിക്കാറില്ല.
ഇതും വന്‍തോതിലുള്ള വിലയിടിവുമാണ് കര്‍ഷകരെ കേര കൃഷിയില്‍ നിന്നും പിന്നിലേക്ക് വലിക്കുന്നത്. ഓല കെട്ടിടങ്ങളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് മണി മാളികകളും, പുക അടുപ്പിന്റെ സ്ഥാനത്ത് ഗ്യാസ് അടുപ്പുകളും വന്നതോടെ ഓലയും മടലും കൊതുമ്പും ആര്‍ക്കും വേണ്ടാതായി. പഴയകാലത്ത് വീടുകളുടെ ഉത്തരവും, കഴുക്കോലും, പട്ടിയെല്ലും, തെങ്ങും തടികൊണ്ടുള്ളതായിരുന്നു. ഇന്ന് തെങ്ങും തടി ആര്‍ക്കും വേണ്ടാതായി.
ഈ സാഹചര്യമാണ് റബര്‍ കൃഷിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. മറ്റ് കാര്‍ഷിക വിളകള്‍ക്ക് വിലയില്‍ ആനുപാതികമായ വര്‍ധനവ് ഉണ്ടായെങ്കിലും തേങ്ങക്ക് മാത്രം വിലവര്‍ധനവ് ഉണ്ടാകാതിരുന്നതാണ് കര്‍ഷകര്‍ റബര്‍ കൃഷിയിലേക്ക് പോകാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ തേങ്ങായുടെയും വെളിച്ചെണ്ണയുടെയും വിലയില്‍ നേരിയ മാറ്റം വന്നതും റബര്‍ വില ഇടിഞ്ഞതും കര്‍ഷകര്‍ വീണ്ടും തെങ്ങു കൃഷിയിലേക്ക് വരാന്‍ കാരണമായിട്ടുണ്ട്.
കാറ്റുവീഴ്ച, മണ്ടചീയല്‍, ചെമ്പന്‍ ചെല്ലിയുടെ മാരകമായ ഉപദ്രവം, മഞ്ഞളിപ്പ്, എന്നീ രോഗങ്ങളും തെങ്ങു കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ കൃഷിഭവന്‍ വഴി യുവാക്കള്‍ക്ക് തെങ്ങ് കയറ്റത്തിന് പരിശീലനം നല്‍കുകയും സൗജന്യമായി തെങ്ങ് കയറ്റ യന്ത്രവും യൂനിഫോമും നല്‍കുകയും, സൗജന്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും എപ്പോള്‍ കാര്യക്ഷമല്ലെന്നാണ് ആക്ഷേപം. നാളികേര വികസന പദ്ധതി പ്രകാരം സംസ്ഥാനത്ത് 2013-ല്‍ 450 ഓളം കോടി രൂപയാണ് കേരകൃഷിക്കായി ചെലവഴിച്ചത്. ഇതോടൊപ്പം വളവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കേരകൃഷിയെ സര്‍ക്കാരും അവഗണിക്കുകയായിരുന്നു, കൃഷിഭവന്‍ വഴി പച്ചകുറുകിയ ഇനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്താല്‍ 25-30 വര്‍ഷത്തോളം ഫലം തരുന്ന ഈ ഇനം തെങ്ങുകളെ കാറ്റുവീഴ്ച ബാധിക്കുകയില്ല. പൊക്കം കുറവായതിനാല്‍ കര്‍ഷകര്‍ക്ക് തന്നെ തേങ്ങയിടാനും സാധിക്കും. എന്നാല്‍ മാത്രമേ ഈ കാര്‍ഷികമേഖലയെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളു എന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."