നളിനി വധം: വിചാരണ പൂര്‍ത്തിയായി; വാദം 19ന്
തലശ്ശേരി: എരഞ്ഞോളി കുടക്കളത്തെ നൂനമ്പ്രത്ത് വീട്ടില്‍ എ.കെ നളിനി(63)യെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസിന്റെ വാദം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഈ മാസം 19ന് നടക്കും.
നളിനിയുടെ വീട്ടിന് സമീപത്തെ ലക്ഷം വീട് കോളനിയില്‍ താമസക്കാരനായ കര്‍ണാടക ചിക്മംഗളുരു ബെല്‍ട്ട് സ്വദേശി കുടക്കളം റജീന മന്‍സിലില്‍ നസീറാ(34)ണ് കേസിലെ പ്രതി.
വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രതി കോടതി മുന്‍പാകെ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. പൊലിസ് തെറ്റിധാരണയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതിയാക്കിയതാണെന്നും കൊല്ലപ്പെട്ട നളിനിയുടെ കഴുത്തില്‍ മറുക്കിയ ഷാള്‍ തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തായുള്ള പൊലിസിന്റെ മൊഴി സത്യമല്ലെന്നും പ്രതി കോടയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
കേസ് അന്വേഷിച്ച സി.ഐ യു. പ്രേമന്‍ ഉള്‍പ്പടെ 27 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. പ്രതിയുടെ ഭാര്യ വിചാരണ കോടതിയില്‍ കൂറുമാറിയിരുന്നു.
നളിനിയുടെ വീട്ടില്‍ നിന്ന് കളവ് പോയ ഒന്നേ മുക്കല്‍ പവന്‍ സ്വര്‍ണമാലയും വളയും നസീറിന്റെ വീട്ടില്‍ നിന്ന് പൊലിസ് കണ്ടെടുത്തിരുന്നു. 12 തൊണ്ടി മുതലുകള്‍ കോടതിയില്‍ ഹാജരാക്കി.
കൊലപാതകം നടന്ന് 48 മണിക്കൂറിനകം സംഭവ സമയം തലശ്ശേരി സി.ഐയായിരുന്ന യു.പ്രേമന്‍ പ്രതിയെ പിടികൂടിയിരുന്നു. മത്സ്യ വില്‍പനക്കാരനായ പ്രതി നളിനിയുടെ വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ ശേഷം കൊലപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.
പ്രതിയുടെ പത്ത് വയസ്സുള്ള മകളുടെ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയിരുന്നത്. ഈ ഷാള്‍ പ്രതിയുടെ വീട്ടിലെ സോഫക്കടിയില്‍ നിന്ന് പൊലിസ് കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."