ബ്രേക്കില്ലാതെ ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ എഫ്.സി കുതിപ്പ് തുടരുന്നു. ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ 5-1 ന് ആഴ്സനലിനെ തകര്‍ത്താണ് ലിവര്‍പൂള്‍ കിരീടത്തിലേക്ക് കുതിക്കുന്നത്. ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിര്‍മീഞ്ഞോയുടെ ഹാട്രിക്ക് കരുത്തിലായിരുന്നു ലിവര്‍പൂളിന്റെ മിന്നും ജയം. 11 ാം മിനുട്ടില്‍ ലിവര്‍പൂളിനെ അമ്പരപ്പിച്ച് ആഴ്സനലാണ് ആദ്യം ഗോള്‍ നേടിയത്.
14 ാം മിനുട്ടില്‍ ഫിര്‍മീഞ്ഞോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. 16 ാം മിനുട്ടില്‍ രണ്ടാം ഗോളും നേടി ഫിര്‍മീഞ്ഞോ ലിവര്‍പൂളിനെ മുന്നില്‍ എത്തിച്ചു. 32 ാം മിനുട്ടില്‍ മാനേയുടെ ഗോളിലൂടെ ലിവര്‍പൂള്‍ വ്യക്തമായ ലീഡ് ഉറപ്പിച്ചു.
ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി മുഹമ്മദ് സലാഹ് ലക്ഷ്യത്തിലെത്തിച്ചതോടെ പോരാട്ടം 4-1 എന്ന നിലയിലെത്തി. 65 ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് ഫിര്‍മീഞ്ഞോ ഹാട്രിക്ക് തികച്ചു. സ്കോര്‍: 5-1. ജയത്തോടെ 54 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സതാംപ്ടണെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി 47 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 3-1 ന് ആയിരുന്നു സിറ്റിയുടെ ജയം. ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ സിറ്റിക്കായി ഗോളുകള്‍ നേടി.
ജെയിംസ് പ്രോവ്സേ സിറ്റിക്ക് ഒരു സെല്‍ഫ് ഗോളും സമ്മാനിച്ചു. എമിലെ ഹോബര്‍ഗ് സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ നേടി. ചെല്‍സി എതിരില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."