35 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്നുള്ള 35 പേര്‍ക്ക് കൂടി അവസരം. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അസീസിയ കാറ്റഗറിയിലാണ് താമസം. ഇവര്‍ 2,01,750 രൂപ അടക്കേണ്ടതാണ്. അപേക്ഷ ഫോറത്തില്‍ ബലി കര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8000 രൂപ കൂടി അധികമായി അടക്കണം.
പണമടച്ച് ഹജ്ജ് കമ്മിറ്റിക്കുള്ള ബാങ്ക് പേ ഇന്‍ സ്ലിപ്പിന്റെ കോപ്പിയും മെഡിക്കല്‍ സ്‌ക്രീനിങ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് 18നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലോ, നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഓഫിസിലോ സമര്‍പ്പിക്കേണ്ടതാണ്.
പണമടക്കുന്നതിന് ഹജ്ജ് ക്യാംപില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. 1000 പേരുടെ മുന്‍ഗണനാ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് നമ്പര്‍ 744 വരെ ഇതുവരെ അവസരം ലഭിച്ചിട്ടുണ്ട്. ഏതാനും പേര്‍ക്ക് കൂടി വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ 20 ന് പുറപ്പെടും. ഇതിനായി ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസകോയയുടെ നേതൃത്വത്തില്‍ ഹാജിമാരടങ്ങുന്ന സംഘം ഇന്നലെ കൊച്ചിയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കോ ഓര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷദ്വീപ് ഹാജിമാരെ സ്വീകരിച്ചു.
സംസം എത്തിച്ചു തുടങ്ങി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന ഹാജിമാര്‍ മടങ്ങിയെത്തുമ്പോള്‍ വിതരണം ചെയ്യാനുള്ള സംസം എത്തിത്തുടങ്ങി. ഹാജിമാരുമായി യാത്രയാകുന്ന സഊദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോഴാണ് സംസം കൊണ്ടുവരുന്നത്. 10 വിമാനങ്ങളിലായി 40,000 ലിറ്റര്‍ സംസമാണ് ഇതുവരെ എത്തിയത്. 5 ലിറ്ററിന്റെ 8000 ക്യാനുകളാണ്എത്തിയിരിക്കുന്നത്. ഇവ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 യില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 12 വിമാനങ്ങളിലായി 3600 പേര്‍ യാത്രയായി. ഇതുവരെ യാത്ര തിരിച്ചവരില്‍ 1693 പുരുഷന്‍മാരും 1907 സ്ത്രീകളുമാണ്. ഇന്നലെ മൂന്ന് വിമാനങ്ങളിലായി യാത്ര തിരിച്ച 900 ഹാജിമാരില്‍ 600 പേര്‍ ഗ്രീന്‍ കാറ്റഗറിയിലാണ്. 1100 പേരടങ്ങുന്ന ഗ്രീന്‍ കാറ്റഗറിയിലെ ആദ്യ സംഘമാണ് ഇന്നലെ പുറപ്പെട്ടത്. 448 പുരുഷന്‍മാരും 452 സ്ത്രീകളുമാണ് ഇന്നലെ യാത്രയായത്.
ഇന്നത്തെ വിമാനസമയത്തില്‍ മാറ്റം
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുമായി ഇന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാന സമയത്തില്‍ മാറ്റം. രാവിലെ 6.15നും, ഉച്ചയ്ക്ക് 2.40നും, വൈകിട്ട് 5.45 നും വിമാനങ്ങള്‍ പുറപ്പെടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. രാവിലെയും വൈകിട്ടും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങള്‍ യഥാസമയം പുറപ്പെടും.
ഉച്ചയ്ക്ക് 2.40 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം 7 മണിക്കൂര്‍ നേരത്തേ രാവിലെ 7.45 ന് യാത്രയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."