ഭര്‍തൃമതിയെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയ അയല്‍വാസി അറസ്റ്റില്‍
പെരിങ്ങത്തൂര്‍ (കണ്ണൂര്‍): ഭര്‍തൃമതി തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മത്തിപറമ്പ് പള്ളിക്കുനി സേട്ടുമുക്കില്‍ ചാക്കേരിതാഴെ കുനിയില്‍ ഗോപിയുടെ ഭാര്യ സി.ടി.കെ റീജ (40) മരിച്ച സംഭവത്തിലാണ് അയല്‍വാസിയായ മത്തിപറമ്പിലെ വലിയ കാട്ടില്‍ അന്‍സാര്‍ (25) അറസ്റ്റിലായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അന്വേഷണത്തിനിടയില്‍ വീട്ടുകാരും നാട്ടുകാരും നല്‍കിയ സൂചനയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 14ന് ആണ് സംഭവം. ഉച്ചയ്ക്ക് 12ഓടെ സമീപത്തെ വയലിലൂടെ മല്‍സ്യം വാങ്ങാന്‍ പോയ യുവതിയെ പിന്നീട് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വയലില്‍ വച്ച് പ്രതി കയറിപ്പിടിച്ചതായും പിന്നീട് പീഡന ശ്രമത്തിനിടെ ബഹളം വച്ച യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലിസ് നല്‍കുന്ന സൂചന. മല്‍പ്പിടുത്തം നടന്നതിന്റെ അടയാളങ്ങള്‍ സ്ത്രീയുടെയും യുവാവിന്റെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതി മരിച്ചെന്ന് മനസിലാക്കിയ പ്രതി മൃതദേഹം സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ച് ഉടന്‍ സ്ഥലം വിടുകയായിരുന്നു. യുവതിയുടെ സ്വര്‍ണമാലയുടെ ഒരു ഭാഗവും മത്സ്യം വാങ്ങുന്നതിനായി കരുതിവച്ച 100 രൂപയും പ്രതി മോഷ്ടിച്ചിരുന്നു.
സ്വര്‍ണം പിന്നീട് പെരിങ്ങത്തൂര്‍ പുല്ലൂക്കര റോഡിലെ കടയ്ക്ക് മുകളില്‍ ഒളിപ്പിച്ച നിലയില്‍ പൊലിസ് കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് നാലുദിവസം മുന്‍പ് ഇയാള്‍ പിന്തുടര്‍ന്നെങ്കിലും യുവതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇക്കാര്യം യുവതി ആരോടും പറഞ്ഞിരുന്നുമില്ല. യുവതിയുടെ വീടിന് സമീപത്തുകൂടി പലദിവസങ്ങളിലും പ്രതി സഞ്ചരിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിദേശത്ത് നിന്നെത്തിയ അന്‍സാര്‍ ഏതാനും മാസം മുന്‍പ് ഓട്ടോ ഡ്രൈവറായും ജോലി നോക്കിയിരുന്നു. പാനൂര്‍ സി.ഐ എം.കെ സജീവ്, ചൊക്ലി എസ്.ഐ ഇ.വി ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ തെളിവെടുപ്പിനായി പെരിങ്ങത്തൂരില്‍ എത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."